കൊല്ലം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗത്തുനിന്ന് വീണ്ടും വൻ അച്ചടിപ്പിഴവ്. കൊല്ലത്ത് ഒരേ സീരിയൽ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കേണ്ട ‘സ്ത്രീശക്തി’ ലോട്ടറിയിലാണ് അതീവ ഗുരുതരമായ ഈ പിഴവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ വിൽപ്പനയ്ക്കായി എത്തിച്ച ടിക്കറ്റുകളിലാണ് ഒരേ നമ്പറുകൾ കണ്ടെത്തിയത്. കരിക്കോടുള്ള ആറ്റുകാൽ ഏജൻസി വഴി ജില്ലാ ട്രഷറിയിൽ നിന്ന് നേരിട്ട് വാങ്ങിയ ടിക്കറ്റുകളാണിതെന്ന് ലോട്ടറി ഏജന്റ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും കൊല്ലം കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിൽ സമാനമായ രീതിയിൽ ഒരേ സീരിയൽ നമ്പറുള്ള രണ്ട് സ്ത്രീശക്തി ടിക്കറ്റുകൾ കണ്ടെത്തിയിരുന്നു. ലോട്ടറി കച്ചവടക്കാരനായ സന്തോഷ് ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങിയ 300 ടിക്കറ്റുകൾ ഏജന്റമാർക്ക് വിതരണം ചെയ്യുന്നതിനായി ബിൽ തയ്യാറാക്കുമ്പോഴാണ് ഈ അപാകത ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഒരേ സീരിയലിലും നമ്പറിലുമുള്ള ടിക്കറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ലോട്ടറി വ്യാപാരി ഇ-മെയിൽ വഴി പരാതി നൽകി. തുടർച്ചയായി ഇത്തരം ഗുരുതര വീഴ്ചകൾ ഉണ്ടാകുന്നത് ലോട്ടറി ടിക്കറ്റുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.
