പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയെന്ന സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷൻ സംഭവത്തിൽ തന്റെ ഭാഗത്തുനിന്ന് നിയമലംഘനമുണ്ടായിട്ടില്ലെന്നും, അത്തരത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ കാലങ്ങളിൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിലായത് മാന്യമായി ജീവിക്കുന്ന തന്റെ സ്ത്രീത്വത്തിനേറ്റ മുറിവിന് ആശ്വാസമായെന്നും ശ്രീനാദേവി പറഞ്ഞു. അതിൽ നിയമപരമായി തെറ്റൊന്നുമില്ലെന്നും, പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളിൽ തന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഏത് നടപടിയും സ്വീകരിക്കാൻ ബാധ്യസ്ഥയാണെന്നും അവർ കുറിച്ചു.
തനിക്കെതിരെ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീനാദേവി ആരോപിച്ചു. വാഹനം ഇടിച്ചുകൊണ്ട് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിലുള്ള കെട്ടിച്ചമച്ച വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുകയാണ്. അഞ്ചുവർഷം മുമ്പുള്ള ഈ വ്യാജ വീഡിയോ നിയമപരമായി നീക്കം ചെയ്യിച്ചതാണ്. എന്നാൽ, നീക്കം ചെയ്ത വീഡിയോ വീണ്ടും പ്രചരിപ്പിച്ച ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് എന്ന ഫേസ്ബുക്ക് പേജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകളാണെന്നും തനിക്കെതിരായ പ്രചാരണങ്ങൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
