കൊച്ചി: തെരുവുകളും രാജ്യവും ജനങ്ങളുടേതാണെന്നും ജനങ്ങളുടെ പ്രതിഷേധശബ്ദങ്ങളെ ഭരണകൂടം ഭയന്ന് തടയാൻ നോക്കിയാൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ജനങ്ങളെ ‘കോക്രോച്ചുകൾ’ (പാറ്റകൾ) എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണെന്നും, ഉത്തരം മുട്ടുമ്പോൾ ചോദ്യം ചോദിക്കുന്ന ചെറുപ്പക്കാരെ ക്രൂരമായി മർദ്ദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ഐ.ആർ (SIR) റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന പരിപാടിയിൽ പങ്കെടുക്കവേ ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായി ഇപ്പോൾ നടക്കുന്നത് ജനങ്ങളുടെ വോട്ടവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും, ഇതിനെ ഒരു രാഷ്ട്രീയ നീക്കമായി കാണാതെ പൗരന്മാരുടെ അതിജീവന പോരാട്ടമായി കാണണമെന്നും സി.ജെ.പി (CJP) നടത്തുന്ന ഈ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. “നിങ്ങൾക്ക് എന്നെ ‘ആന്തോളൻ ജീവി’ എന്നോ ‘ദിമാഗി നക്സൽ’ എന്നോ വിളിക്കാം, എന്നാൽ ഈ രാജ്യത്തിന് വേണ്ടിയാണ് എന്റെ ശബ്ദം ഉയരുന്നത്. ഭയം കാരണം മരിക്കുന്നതിന് മുൻപ് ജീവനോടെയിരിക്കുമ്പോൾ എന്തിന് ഭയക്കണം? മതം വിശ്വസിക്കുന്നതിൽ തെറ്റില്ല, പക്ഷേ അത് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രശ്നം. ഫാസിസ്റ്റുകളെ ചോദ്യം ചെയ്താൽ നമ്മൾ ദേശവിരുദ്ധരാകും,” പ്രകാശ് രാജ് രോഷത്തോടെ പറഞ്ഞു.
കോളേജ് കാലഘട്ടം മുതൽ തന്നെ പ്രതിഷേധത്തിന്റെ മുഖമായിരുന്നു താനെന്നും, സിനിമാ ലോകത്ത് വന്ന ശേഷവും അനീതികൾക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു. പ്രിയസുഹൃത്ത് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ ആര് എന്ന ചോദ്യം രാജ്യവ്യാപകമായി ഉയർത്തിയത് തന്റെ നിലപാടുകളായിരുന്നു. വിചാരണ പോലുമില്ലാതെ ഉമർ ഖാലിദിനെപ്പോലുള്ളവർ ജയിലിൽ കിടക്കുമ്പോൾ, റേപ്പിസ്റ്റുകൾ പുറത്ത് സ്വതന്ത്രരായി നടക്കുകയാണെന്നും ജനങ്ങളിൽ ഭയം സൃഷ്ടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കുട്ടികളുടെ ഭാവിക്കായി ഈ ഫാസിസ്റ്റ് ശക്തികളെ ഒരു കാരണവശാലും മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും അവസാന ശ്വാസം വരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും ഉറച്ച ശബ്ദത്തിൽ പ്രകാശ് രാജ് വ്യക്തമാക്കി.
