കൊല്ലം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം പഠിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സൈന ഹ്യൂമൻ എഐയും ധാരണാപത്രം ഒപ്പുവെച്ചു. ‘കേരളം, ലെറ്റ്സ് ടോക്ക് എഐ – ടുവാർഡ്സ് ആൻ എഐ പവേർഡ് കേരളം’ എന്ന സംരംഭത്തിന്റെ ഭാഗമായുള്ള ധാരണാപത്രം കൊല്ലം കുരീപ്പുഴയിലെ സർവകലാശാല ആസ്ഥാനത്താണ് ഒപ്പിട്ടത്.
ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ) സംവിധാനത്തിലൂടെ പഠിക്കുന്ന ഒരു ലക്ഷത്തിലധികം പേർക്ക് നൂതന എഐ സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിജ്ഞാനം ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ പങ്കാളിത്തം, വിദ്യാഭ്യാസ മേഖലയിലെ ഏജന്റിക് എഐ സാധ്യതകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇരു സ്ഥാപനങ്ങളുടെയും സംയുക്ത പ്രവർത്തനം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ട് കോഴ്സുകൾ ആരംഭിക്കും. എഐ കണ്ടന്റ് ആൻഡ് മീഡിയ പ്രൊഡക്ഷൻ, അപ്ലൈഡ് എഐ ഫോർ മോഡേൺ പ്രൊഫഷണൽസ് എന്നിവയാണ് കോഴ്സുകൾ. തുടർഘട്ടങ്ങളിൽ കൂടുതൽ നൂതന കോഴ്സുകളും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും ആരംഭിക്കും. കോഴ്സുകളുടെ സമയക്രമവും പ്രവേശന നടപടികളും സർവകലാശാല ഉടൻ പ്രഖ്യാപിക്കും.
മാറുന്ന തൊഴിൽ വിപണിയുടെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെയും പ്രൊഫഷണലുകളെയും സജ്ജരാക്കുകയും നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനം സാധാരണ പഠിതാക്കളിലേക്കും എത്തിക്കുകയുമാണ് സഹകരണത്തിന്റെ ലക്ഷ്യം. കേരളത്തെ എഐ സാങ്കേതികവിദ്യാ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി.പി., സൈന ഹ്യൂമൻ എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിലാൽ നവാദ് എന്നിവർ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, പരീക്ഷാ കൺട്രോളർ ഡോ. അനന്ത രേഷ്മി, സൈബർ കൺട്രോളർ ബിജുമോൻ ടി., ഡെപ്യൂട്ടി രജിസ്ട്രാർ നൗഷർ, ഡിപ്ലോമ ആൻഡ് സർട്ടിഫിക്കറ്റ് കോഴ്സസ് ഓഫീസർ ഇൻ ചാർജ് റോബിൻ സേവ്യർ, പബ്ലിക് റിലേഷൻസ് ഓഫീസർ സാലിനി പി.എസ്., വെർച്വൽ പ്രോഗ്രാം മാനേജർ അസീം ബാബു, കോഴ്സ് കോർഡിനേറ്റർ ഡോ. കനിത ഡി.കെ., അധ്യാപകരായ ഡോ. അശ്വനി എ.പി., ഡോ. താര എസ്.എസ്. എന്നിവർ പങ്കെടുത്തു.
സൈന ഹ്യൂമൻ എഐയെ പ്രതിനിധീകരിച്ച് ഡയറക്ടർമാരായ ഹുവിസ് നസീർ, അനസ് ഹസ്സൻ, ക്രിസ്റ്റി, സൈന ഗ്രൂപ്പ് സി.ഇ.ഒ ആഷിഖ് ബാവ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
