തൃശൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് വിധി തളർത്തിയ വയനാടിന്റെ മകൾ ശ്രുതി ഇനി തനിച്ചല്ല. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും താങ്ങായി മാറിയ മാനന്തവാടി സ്വദേശിയും വയനാട് കളക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക് കടന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചായിരുന്നു ലളിതമായ വിവാഹച്ചടങ്ങുകൾ നടന്നത്. മുൻ മന്ത്രിയും എംഎൽഎയുമായ കെ. രാജൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തന്റെ പഴയകാല ദുരന്തങ്ങളും സങ്കടങ്ങളും പൂർണ്ണമായി അറിഞ്ഞുകൊണ്ട് തന്നെ കൂടെനിന്നയാളാണ് സന്ദീപെന്നും, ഇനി മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രുതി പ്രതികരിച്ചു. നല്ലൊരു പുതിയ തുടക്കമാകട്ടെ ഇതെന്നായിരുന്നു സന്ദീപിന്റെ വാക്കുകൾ.

2024 ജൂലൈ 30-ന് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. അതിജീവനത്തിന്റെ പാതയിൽ ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസനും വിധിയുടെ ക്രൂരതയിൽ വിടപറഞ്ഞു. 2024 സെപ്റ്റംബർ 10-ന് ഉണ്ടായ വാഹനാപകടത്തിൽ ജെൻസൻ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന ശ്രുതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിൽ ക്ലർക്കായി ശ്രുതിക്ക് ജോലി നൽകി. 2024 ഡിസംബർ 9-ന് ജോലിയിൽ പ്രവേശിച്ച ശേഷമാണ് സന്ദീപിനെ പരിചയപ്പെടുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും. ദുരന്തങ്ങളുടെ കറുത്ത ഓർമ്മകൾ മാറ്റിനിർത്തി, സന്ദീപിനൊപ്പം ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണ് ഈ വയനാടൻ പെൺകുട്ടി.

