Home Keralaഐക്യരാഷ്ട്രസഭയുടെ ആഗോള വേദിയിലേക്ക് കൊച്ചിയിലെ മിടുക്കർ; കുട്ടികളുടെ വേറിട്ട പദ്ധതിയറിഞ്ഞ് നെഞ്ചോട് ചേർത്ത് മമ്മൂക്ക

ഐക്യരാഷ്ട്രസഭയുടെ ആഗോള വേദിയിലേക്ക് കൊച്ചിയിലെ മിടുക്കർ; കുട്ടികളുടെ വേറിട്ട പദ്ധതിയറിഞ്ഞ് നെഞ്ചോട് ചേർത്ത് മമ്മൂക്ക

by news_desk
0 comments

കൊച്ചി: ജനീവയിലെ ഐക്യരാഷ്ട്രസഭാ (UN) ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യുവ കാലാവസ്ഥാ നയതന്ത്ര പരിപാടിയിലേക്ക് (Youth Climate Diplomacy Program 2026) തെരഞ്ഞെടുക്കപ്പെട്ട മലയാളി സ്കൂൾ വിദ്യാർത്ഥികൾക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദരവും അനുഗ്രഹവും. കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ അഞ്ച് മിടുക്കരായ വിദ്യാർത്ഥികളാണ് മെഗാസ്റ്റാറിനെ കാണാനായി കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്. ആഗോള വേദിയിൽ അവതരിപ്പിക്കാനായി കുട്ടികൾ തയ്യാറാക്കിയ നൂതന പരിസ്ഥിതി പദ്ധതിയെക്കുറിച്ചും അതിന്റെ പ്രോട്ടോടൈപ്പുകളെക്കുറിച്ചും കേട്ടറിഞ്ഞ താരം അവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

പരിസ്ഥിതി സംരക്ഷണത്തിൽ നിർണ്ണായകമായ ‘നെറ്റ് സീറോ ഡിജിറ്റൽ ആൻഡ് ഈ-വേസ്റ്റ്’ (Net Zero Digital & e-Waste) എന്ന ആശയത്തെ ആസ്പദമാക്കിയാണ് കുട്ടികൾ പ്രോജക്ട് തയ്യാറാക്കിയത്. ലൊക്കേഷനിലെത്തിയ കുട്ടികളോട് പദ്ധതിയുടെ വിശദാംശങ്ങളും പ്ര പ്രവർത്തനങ്ങളും ചോദിച്ചറിഞ്ഞ മമ്മൂട്ടി, സ്കൂൾ ജീവിതത്തിന് ശേഷവും ഇത്തരത്തിലുള്ള മഹത്തായ പരിസ്ഥിതി ആശയങ്ങൾ ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകണമെന്ന് കുട്ടികളെ ഉപദേശിച്ചു. അധ്യാപകരായ റോസ് മേരി ജോയ്, ടിൻസ മെറിൻ തോമസ് എന്നിവരും കുട്ടികൾക്കൊപ്പം ലൊക്കേഷനിൽ ഉണ്ടായിരുന്നു.

അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ അദ്വൈത് കൃഷ്ണൻ, അമേയ സജിത്ത്, ആധ്യ ആന്റോ, നുമൈർ സുനൈസ്, അമർ ആന്റണി വിജയ് എന്നീ വിദ്യാർത്ഥികളാണ് കേരളത്തിന് തന്നെ അഭിമാനമായി ജനീവയിലേക്ക് പറക്കുന്നത്. അക്കാദമിക് മികവ്, നേതൃപാടവം, സാമൂഹിക-പരിസ്ഥിതി മേഖലകളിലെ സജീവ പങ്കാളിത്തം എന്നിവ മുൻനിർത്തിയുള്ള കടുപ്പമേറിയ മാനദണ്ഡങ്ങൾ മറികടന്നാണ് ഈ കുട്ടികൾ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. യൂത്ത് ക്ലൈമറ്റ് ഡിപ്ലോമസി പ്രോഗ്രാമിൽ പങ്കെടുക്കാനായി ഈ മാസം പകുതിയോടെ സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരിക്കും.

You may also like