Home Nationalദീപാവലി ആഘോഷം ; തമിഴ്നാട്ടിൽ ഒറ്റദിവസം ഒൻപത് കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവരിൽ പൊലീസുകാരനും

ദീപാവലി ആഘോഷം ; തമിഴ്നാട്ടിൽ ഒറ്റദിവസം ഒൻപത് കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവരിൽ പൊലീസുകാരനും

by news_desk1
0 comments

ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിനെ നടുക്കി ഒൻപത് കൊലപാതകങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ രണ്ട് പതിനേഴുകാരും ഇരുപതുകാരനും ഉൾപ്പെടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. തേനിയിൽ ദീപാവലി ആഘോഷത്തിനിടെ റോഡ് തടഞ്ഞ് സമൂഹമാധ്യമ റീൽ ചിത്രീകരിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനും മർദനമേറ്റ് കൊല്ലപ്പെട്ടു. സംഭവങ്ങൾക്കു പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നിലയെച്ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായി.

തിരുച്ചിറപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഓരോ കൊലപാതകവുമാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാസംഘത്തലവന്മാരാണ് കൊല്ലപ്പെട്ടത്.

തിരുച്ചിറപ്പള്ളിയിൽ സമയപുരം സ്വദേശികളായ രാഹുൽ (17), ആർ. വിശാൽ (17) എന്നിവരെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധനലക്ഷ്മി ശ്രീനിവാസൻ സർവകലാശാലാ ക്യാംപസിന് സമീപത്തെ കനാലിനടുത്ത് ആയുധങ്ങളുമായെത്തിയ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി എസ്പി ഡോംഗരെ പ്രവീൺ ഉമേഷ് അറിയിച്ചു.

തിരുച്ചിറപ്പള്ളിയിലെ പുരത്തുകുടിയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ക്രിസ്റ്റഫർ (20) കുത്തേറ്റും മരിച്ചു. തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽ ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെയാണ് മർദിച്ചുകൊന്നത്.

തുടർച്ചയായ കൊലപാതകങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവങ്ങളിൽ മുഖ്യമന്ത്രി വിജയ് ഇടപെട്ട് കണ്ണുതുറക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ പോരും ശക്തമായി.

You may also like