Home Nationalഡൽഹിയിൽ ശ്വാസംമുട്ടിച്ച് വിഷപ്പുക; വായുഗുണനിലവാരം 483-ൽ, അതീവ ഗുരുതരാവസ്ഥ

ഡൽഹിയിൽ ശ്വാസംമുട്ടിച്ച് വിഷപ്പുക; വായുഗുണനിലവാരം 483-ൽ, അതീവ ഗുരുതരാവസ്ഥ

by news_desk1
0 comments

ന്യൂഡൽഹി: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ഡൽഹിയെ വിട്ടൊഴിയാതെ വിഷപ്പുക. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ തലസ്ഥാന നഗരത്തിലും ദേശീയ തലസ്ഥാന മേഖലയിലും പുകമഞ്ഞ് അതിരൂക്ഷമായി. വായുഗുണനിലവാരം ‘അതീവ ഗുരുതര’ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ജനജീവിതം പ്രതിസന്ധിയിലായി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ 8.10-ഓടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 483 ആയി ഉയർന്നു. നഗരത്തിലെ പതിനഞ്ചിലധികം നിരീക്ഷണ കേന്ദ്രങ്ങളിൽ വായുഗുണനിലവാര സൂചിക 400-ന് മുകളിലാണ് രേഖപ്പെടുത്തിയത്. കനത്ത വിഷപ്പുക പ്രധാന റോഡുകളെയും ജനവാസ മേഖലകളെയും മൂടിയിരിക്കുകയാണ്.

മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാംഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടായിട്ടും സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായില്ല. പുകമഞ്ഞ് രൂക്ഷമായതോടെ കണ്ണിൽ നീറ്റൽ, കടുത്ത തലവേദന, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.

നഗരത്തിലെ കാഴ്ചാപരിധിയും ഗണ്യമായി കുറഞ്ഞു. ഏതാനും കിലോമീറ്റർ അകലെയുള്ള അക്ഷർധാം ക്ഷേത്രം സമീപത്തെ മേൽപ്പാലത്തിൽനിന്നുപോലും കാണാനാകാത്ത വിധം പുകമഞ്ഞിൽ മറഞ്ഞു. ഡൽഹി–നോയിഡ അതിർത്തിയിലും വടക്കൻ ഡൽഹിയിലെ ഇന്ദർലോകിലും പകൽസമയത്തുപോലും വാഹനങ്ങൾ ഹെഡ്‌ലൈറ്റ് തെളിച്ചാണ് സഞ്ചരിക്കുന്നത്.

കാലാവസ്ഥാ ഘടകങ്ങൾ പ്രതികൂലമായതിനാൽ വരും മണിക്കൂറുകളിൽ മലിനീകരണനില കൂടുതൽ വഷളായേക്കാമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വായുമലിനീകരണം നിരീക്ഷിക്കുന്ന സ്വിസ് ഏജൻസിയായ ഐക്യു എയറിന്റെ കണക്കുകൾ പ്രകാരം തെക്കൻ ഡൽഹിയിലെ ഷഹ്ദരയിൽ വായുഗുണനിലവാര സൂചിക ആയിരത്തിനു മുകളിലേക്ക് ഉയർന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വായു ശ്വസിക്കാൻ പോലും പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്.

You may also like