ടെഹ്റാൻ: ഇറാന്റെ നിർദേശങ്ങൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണോ, അതോ സൈനിക ഏറ്റുമുട്ടലുമായി മുന്നോട്ടുപോകണോ എന്ന് അമേരിക്ക തീരുമാനിക്കട്ടെയെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. യുദ്ധം തുടരാനാണ് അമേരിക്കയുടെ തീരുമാനമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് മേൽ തീമഴ പെയ്യിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഇറാന്റെ രണ്ടുദിവസത്തെ നിർദേശം അംഗീകരിക്കണമെന്നാണ് അരാഗ്ചിയുടെ ആവശ്യം. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അമേരിക്കൻ വോട്ടർമാർ അവരുടെ തീരുമാനം എടുത്തുകഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് വൈറ്റ് ഹൗസാണ്. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കൂ. അതിന്റെ ഫലം നിങ്ങൾക്ക് തീർച്ചയായും കാണാനാകും. അല്ലെങ്കിൽ യുദ്ധം തിരഞ്ഞെടുക്കൂ. എപ്പോഴും ജാഗ്രതയോടെയും പോരാട്ടവീര്യത്തോടെയും നിലകൊള്ളുന്ന ഞങ്ങളുടെ പോരാളികൾ നിങ്ങൾക്കുമേൽ തീമഴ പെയ്യിക്കുന്നത് കാണാം’ എന്നായിരുന്നു അരാഗ്ചിയുടെ മുന്നറിയിപ്പ്.
അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് ഇറാനെതിരായ യുദ്ധം പ്രധാന കാരണമായെന്ന് പാർട്ടിയിലെ നേതാക്കൾ തന്നെ വിലയിരുത്തുന്നതായും അരാഗ്ചി ചൂണ്ടിക്കാട്ടി. ‘ഞങ്ങൾ തോറ്റതിന്റെ കാരണം ഈ യുദ്ധമാണ്’ എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുറന്നുപറഞ്ഞതായും അദ്ദേഹം പരാമർശിച്ചു.
ഹോർമൂസ് കടലിടുക്ക് ഇറാൻ ഫലപ്രദമായി അടച്ചതോടെ ആഗോള എണ്ണവിതരണത്തെ ബാധിച്ചിരുന്നു. ഇതിന്റെ പ്രത്യാഘാതമായി അമേരിക്കയിൽ ഇന്ധനവില ഉയരുകയും ജനങ്ങൾക്ക് ജീവിതച്ചെലവിന്റെ ഭാരം വർധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലും ഈ സാഹചര്യം പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷവും ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സാധ്യമായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘എന്തും സംഭവിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇറാനിലെ പാലങ്ങളും വൈദ്യുതിനിലയങ്ങളും ആക്രമിക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്നും ഇക്കാര്യം ഇസ്രയേലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ചർച്ചകൾ കരാറിലെത്തിയാൽ ഇറാനെ ആക്രമിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച നൽകിയ അഭിമുഖത്തിൽ ഇക്കാര്യം അഞ്ചു തവണ ആവർത്തിച്ച അദ്ദേഹം, ഇറാൻ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ശക്തമായ സൈനിക നടപടിക്ക് അമേരിക്കൻ സൈന്യം തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് പുതിയ ആക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം, ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനും നയതന്ത്ര ചർച്ചകൾക്കും ഇറാൻ സന്നദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനു മുൻപ് തങ്ങളുടെ ന്യായമായ ആവശ്യങ്ങളും മുൻപ് നൽകിയ വാഗ്ദാനങ്ങളും പൂർണമായി നടപ്പാക്കണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
