കൊച്ചി: എയ്ഡഡ്, സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനുള്ള ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് അവർ ആരോപിച്ചു. കേന്ദ്ര നയങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും അവർ പറഞ്ഞു.
യുജിസിയെ ഉപയോഗിച്ച് കേന്ദ്ര നയങ്ങൾ അതേപടി പിന്തുടരുകയാണ് ചെയ്യുന്നത്. പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്സുകൾ വേണമെന്നത് ഇടതുപക്ഷത്തിന്റെ നിലപാടാണ്. കഴിഞ്ഞ സർക്കാർ പുതിയ കോഴ്സുകൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ എയ്ഡഡ് മേഖലയിൽ പരമ്പരാഗത കോഴ്സുകളും സ്വാശ്രയ മേഖലയിൽ പുതിയ കോഴ്സുകളും അനുവദിക്കുകയാണ്. ഈ ഇരട്ടത്താപ്പ് അപലപനീയമാണെന്നും ആർ. ബിന്ദു പറഞ്ഞു.
പുതിയ ഉത്തരവ് സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാനാകാത്ത ഫീസ് ബാധ്യതയുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. സ്വാശ്രയ ലോബി ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കണ്ടതായി അറിയുന്നുവെന്നും നയം മാറ്റത്തിന് പിന്നിലെ കാരണം മന്ത്രി വ്യക്തമാക്കണമെന്നും ആർ. ബിന്ദു ആവശ്യപ്പെട്ടു.
എയ്ഡഡ്, സ്വാശ്രയ ഓട്ടോണമസ് കോളജുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി വേണ്ടെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ കോഴ്സുകൾക്ക് എൻഒസിയും ആവശ്യമില്ല. കോഴ്സ് തുടങ്ങുന്ന വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.
