തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ പാറപൊട്ടിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നേരിട്ട് അനുമതി നൽകാൻ അധികാരം. ഇതോടെ നിലവിലുണ്ടായിരുന്ന ഇ-ടെൻഡർ വ്യവസ്ഥ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. പാറപൊട്ടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയുണ്ടെങ്കിൽ അപേക്ഷകൻ സ്വന്തം നിലയിൽ വഴി കണ്ടെത്തണമെന്ന നിബന്ധന മാത്രമാണ് ഇനി പ്രധാനമായും പാലിക്കേണ്ടത്.
ലീസ് വാടകയും സുരക്ഷാ നിക്ഷേപവും അടയ്ക്കുന്നവർക്ക് ഏഴ് മുതൽ 12 വർഷം വരെ പാറപൊട്ടിക്കാൻ അനുമതി നൽകാനാകും. പാറ ഉൽപന്നങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയതോടെ നിർമാണ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്തെ ആഭ്യന്തര പാറ ഉൽപാദനം വർധിപ്പിച്ച് ലഭ്യത ഉറപ്പാക്കുന്നതിനാണ് അനുമതി നടപടികൾ ലളിതമാക്കുന്നത്.
നിലവിലുണ്ടായിരുന്ന ഇ-ടെൻഡർ നടപടികളിലൂടെ അനുമതി നൽകൽ പൂർത്തിയാക്കാൻ കഴിഞ്ഞത് തിരുവനന്തപുരം ജില്ലയിൽ മാത്രമായിരുന്നു. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറും ജില്ലാ കളക്ടർമാരും സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021 ജനുവരി 28-ലെ ഉത്തരവിൽ ഭേദഗതി വരുത്തി ഒക്ടോബർ ഏഴിന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
