കോട്ടയം: സിഐടിയു സംസ്ഥാന നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ. പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനെയും ട്രഷററായി വി. ശിവൻകുട്ടിയെയും തിരഞ്ഞെടുക്കാൻ ധാരണയായി. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ സ്ഥാനത്ത് തുടരും.
കോട്ടയത്ത് ചേർന്ന സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ യോഗത്തിലാണ് പുതിയ നേതൃത്വത്തെ സംബന്ധിച്ച് തീരുമാനമായത്. സംഘടനയുടെ 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃത്വമാറ്റം. നവംബർ ആറിന് കോട്ടയത്ത് സമ്മേളനത്തിന് തുടക്കമായി. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തി.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ. പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 1,149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ സിഐടിയുവിന്റെ സംസ്ഥാന നേതൃത്വത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാകും.
