ആലപ്പുഴ: ഹരിപ്പാട്ടേക്ക് പോകാൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുത്ത ബികോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടതായി പരാതി. ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ യാത്രാസൗകര്യം ഒരുക്കിയില്ലെന്നും വിദ്യാർഥിനിക്ക് രണ്ടുമണിക്കൂറോളം ബസ് സ്റ്റാൻഡിൽ കാത്തിരിക്കേണ്ടിവന്നെന്നും കുടുംബം ആരോപിക്കുന്നു. നവംബർ ഏഴിന് രാത്രി 8.30-ഓടെ ആർപിസി 332 നമ്പർ ബസിലാണ് സംഭവം.
എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് യാത്ര തിരിച്ച വിദ്യാർഥിനി ആലപ്പുഴയിലെത്തിയപ്പോഴാണ് സർവീസ് അവിടെ അവസാനിപ്പിക്കുകയാണെന്ന് ജീവനക്കാർ അറിയിച്ചത്. തുടർയാത്ര സാധ്യമല്ലെന്ന് അറിയിച്ച് യാത്രക്കാരെ ഇറക്കിയശേഷം ജീവനക്കാർ മടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന വിദ്യാർഥിനിക്ക് ഹരിപ്പാട്ടേക്ക് പോകാൻ ബദൽ സംവിധാനം ഒരുക്കാൻ പോലും ജീവനക്കാർ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. അടുത്ത ദിവസം രാവിലെ പത്തുമണിക്ക് എത്തിയാൽ പരാതി സ്വീകരിക്കാമെന്നായിരുന്നു മറുപടിയെന്നും ആരോപണമുണ്ട്. പന്തളം സ്വദേശിനിയായ വിദ്യാർഥിനി ഏകദേശം രണ്ടുമണിക്കൂറോളം ആലപ്പുഴ ബസ് സ്റ്റാൻഡിൽ കാത്തുനിന്നു. ഒടുവിൽ മാതാപിതാക്കൾ സ്ഥലത്തെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷമാണ് വിദ്യാർഥിനിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊതുപ്രവർത്തകൻ ബസ് ചേർത്തല ഡിപ്പോയിലേതാണെന്ന് കണ്ടെത്തി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും റോഡിലെ ഗതാഗതക്കുരുക്ക് കാരണം സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നുവെന്നുമാണ് ചേർത്തല ഡിപ്പോയിലെ ഉദ്യോഗസ്ഥർ ആദ്യം വിശദീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ വിദ്യാർഥിനിയെ രാത്രിയിൽ ഇറക്കിവിട്ടതിലെ ഉത്തരവാദിത്വക്കുറവ് ചൂണ്ടിക്കാട്ടിയതോടെ ബസിന് തകരാർ സംഭവിച്ചതിനാലാണ് സർവീസ് അവസാനിപ്പിച്ചതെന്ന നിലപാടിലേക്ക് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ മാറിയതായും ആരോപണമുണ്ട്.
സർവീസ് അവസാനിപ്പിക്കാൻ കാരണം ഗതാഗതക്കുരുക്കാണോ ബസിന്റെ തകരാറാണോ എന്ന കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വ്യത്യസ്ത വിശദീകരണങ്ങൾ ലഭിച്ചതും വിവാദമായിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഹരിപ്പാട്ടേക്കുള്ള ടിക്കറ്റ് തുക ഈടാക്കിയശേഷം യാത്ര ആലപ്പുഴയിൽ അവസാനിപ്പിക്കുകയും തുടർയാത്രയ്ക്ക് ബദൽ സംവിധാനം ഒരുക്കാതെ ജീവനക്കാർ മടങ്ങുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ച് സർവീസ് അവസാനിപ്പിക്കുന്ന രീതിയാണോ ഉണ്ടായതെന്നും കുടുംബം ചോദിക്കുന്നു.
രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട പൊതുഗതാഗത സംവിധാനത്തിൽ ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണം. യാത്രാതടസ്സവും മാനസിക ബുദ്ധിമുട്ടും നേരിട്ട വിദ്യാർഥിനിക്കും കുടുംബത്തിനും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ-ശിശു വികസന വകുപ്പ്, യുവജന വകുപ്പ്, ഗതാഗത വകുപ്പ്, ആലപ്പുഴ പൊലീസ് എന്നിവിടങ്ങളിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ്. കെഎസ്ആർടിസി സർവീസ് ചട്ടങ്ങൾ പാലിച്ചാണോ യാത്ര അവസാനിപ്പിച്ചതെന്നും യാത്രക്കാരുടെ സുരക്ഷയും തുടർയാത്രയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും അധികൃതർ വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
