തിരുവനന്തപുരം: പുറമെ ആംബുലൻസ് സർവീസ്, മറവിൽ കഞ്ചാവ് വിൽപ്പന. ആംബുലൻസ് ഓട്ടത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് നടത്തിയ യുവാവിനെ വിഴിഞ്ഞത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ്. അഭിജിത്ത് (23) ആണ് പിടിയിലായത്.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ വൈകിട്ടായിരുന്നു അറസ്റ്റ്. കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് രാവിലെ മുതൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഫോർട്ട് എ.സി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിജിത്തിനെ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയത്. കഞ്ചാവ് കടത്തിന് ഉപയോഗിച്ച ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു.
