കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിരോധ സംവിധാനം നടപ്പാക്കാൻ ശിപാർശ. ഇരുചക്രവാഹനങ്ങളും കാറുകളും കുട്ടികൾ നിയമവിരുദ്ധമായി ഓടിക്കുന്നതും ഇതുമൂലമുള്ള അപകടങ്ങൾ വർധിക്കുന്നതും ഗൗരവമായ പൊതുസുരക്ഷാ പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനകളും പിഴയീടാക്കലും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടും അപകടങ്ങൾ വർധിക്കുകയാണെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ സംവിധാനം വേണമെന്ന നിർദേശം മുന്നോട്ടുവന്നത്.
കോഴിക്കോട് സ്വദേശിയും റിട്ട. ഡെപ്യൂട്ടി കലക്ടറുമായ രാജേന്ദ്രൻ നായരാണ് ഇതുസംബന്ധിച്ച നിർദേശം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫിസുകൾ നിർദേശത്തിന് അംഗീകാരം നൽകി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഗതാഗത മന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. നിർദേശം നടപ്പായാൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്ക് പുതിയ സാങ്കേതികമാനം കൈവരും.
