ഹരിപ്പാട്: വാഴക്കുലകൾക്കുള്ളിൽ രാസലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയ കേസിൽ അറസ്റ്റിലായ ധനേഷ് എസ്. നായരുടെ പഴയകാലം കേട്ടാൽ ആരും അമ്പരക്കും. മികച്ച യുവ ജൈവകർഷകനെന്ന പേരിൽ നാട്ടിൽ അംഗീകാരം നേടിയിരുന്ന ധനേഷിനെ ഒരിക്കൽ കൃഷിയിടത്തിലെത്തി ആദരിച്ചത് അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് ആയിരുന്നു.
വീയപുരം പറയിൽ സ്വദേശിയായ ധനേഷ് 2022ലാണ് ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിപുലമായ കൃഷിയിലേക്ക് കടന്നത്. ഹരിപ്പാട് കാർഷിക ബ്ലോക്കിന്റെ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് ധനേഷിന്റെ കൃഷിയിടം സന്ദർശിക്കുകയും മികച്ച യുവ ജൈവകർഷകനെന്ന നിലയിൽ ആദരിക്കുകയും ചെയ്തിരുന്നു. കൃഷിവകുപ്പിന്റെ പ്രാദേശിക കാർഷിക വിലയിരുത്തൽ പരിപാടിയായിരുന്നു കൃഷിദർശൻ.
നൂതന കൃഷിരീതികൾ അവലംബിച്ച് തണ്ണിമത്തൻ, സാലഡ് വെള്ളരി, പയർ, ചീര തുടങ്ങിയവയാണ് ധനേഷ് കൃഷി ചെയ്തിരുന്നത്. ഹരിപ്പാട്ട് പതിവില്ലാത്ത തണ്ണിമത്തൻ കൃഷിയിൽ മികച്ച വിളവ് നേടിയതും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റി. ധനേഷും രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു കൃഷി നടത്തിയിരുന്നത്. സ്വന്തം നാടായ വീയപുരത്തും വാഴക്കൃഷി ചെയ്തിരുന്നു.
എന്നാൽ, നാട്ടിൽ ഒരു സീസണിൽ മാത്രമാണ് ധനേഷ് വിപുലമായ രീതിയിൽ കൃഷി നടത്തിയതെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് പ്രവർത്തനമേഖല കർണാടകയിലേക്ക് മാറ്റുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് വാഴക്കുലകൾക്കുള്ളിൽ രാസലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയതിനാണ് കഴിഞ്ഞ ദിവസം ആലുവ പൊലീസ് ധനേഷിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ധനേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, ധനേഷിനെതിരെ ഹരിപ്പാട്, വീയപുരം പൊലീസ് സ്റ്റേഷനുകളിൽ കേസുകളൊന്നും നിലവിലില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
