Home Keralaയൂത്ത് ലീഗ് റാലി വീണ്ടും നിയമക്കുരുക്കിൽ; പി.കെ. ഫിറോസ് ഉൾപ്പെടെ നേതാക്കൾക്കെതിരെ കോടതി അലക്ഷ്യക്കേസ്

യൂത്ത് ലീഗ് റാലി വീണ്ടും നിയമക്കുരുക്കിൽ; പി.കെ. ഫിറോസ് ഉൾപ്പെടെ നേതാക്കൾക്കെതിരെ കോടതി അലക്ഷ്യക്കേസ്

by news_desk1
0 comments

കൊച്ചി: മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ റാലി വീണ്ടും നിയമനടപടികളുടെ നിഴലിൽ. റാലിയുമായി ബന്ധപ്പെട്ട് കോടതി അലക്ഷ്യം ആരോപിച്ച് കേസ് ഫയൽ ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ, ജില്ലാ കലക്ടർ, പൊലീസ് കമ്മിഷണർ എന്നിവരെ എതിർകക്ഷികളാക്കിയാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം ജഹാംഗീർ കേസ് നൽകിയിരിക്കുന്നത്.

റാലി ഗതാഗതക്കുരുക്കിന് കാരണമായെന്നാരോപിച്ച് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ 12 നേതാക്കൾക്കും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കുമെതിരെയാണ് കേസ്.

സമ്മേളനത്തിന്റെ ഭാഗമായി ബോൾഗാട്ടി ജങ്ഷൻ മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു റാലി. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നു. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് നേരത്തെ അറിയിപ്പും നൽകിയിരുന്നു. എന്നാൽ റാലി നടന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതസംവിധാനം താറുമാറായി. യാത്രക്കാർക്ക് പൊലീസ് നിർദേശിച്ച ബദൽ പാതകളിലും പ്രവർത്തകരും വാഹനങ്ങളും നിറഞ്ഞതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

പലയിടങ്ങളിലും ഗതാഗത നിയന്ത്രണത്തിന്റെ ചുമതല യൂത്ത് ലീഗ് വളണ്ടിയർമാർക്കായിരുന്നു. ഗതാഗതം പൂർണമായി തടസ്സപ്പെട്ടതിനെത്തുടർന്നാണ് റാലിക്ക് നേതൃത്വം നൽകിയ 12 പേർക്കും പങ്കെടുത്ത കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് കോടതി അലക്ഷ്യം ആരോപിച്ചുള്ള പുതിയ നിയമനടപടിയും ഉണ്ടായിരിക്കുന്നത്.

You may also like