Home Keralaഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധനയ്ക്ക് സർക്കാർ പച്ചക്കൊടി, പുതുക്കിയ നിരക്ക് ജനുവരി ഒന്നുമുതൽ

ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധനയ്ക്ക് സർക്കാർ പച്ചക്കൊടി, പുതുക്കിയ നിരക്ക് ജനുവരി ഒന്നുമുതൽ

by news_desk1
0 comments

തിരുവനന്തപുരം: നിരക്ക് വർധനയെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതോടെ സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ജനുവരി ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയതായും തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. കമ്മീഷൻ അന്വേഷണം നടത്തുമ്പോൾ ഓരോ തൊഴിലാളി സംഘടനയ്ക്കും നിരക്ക് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇ.എസ്.ഐ. ആനുകൂല്യം നൽകണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് മന്ത്രി സി.പി. ജോണും അറിയിച്ചു. 2022ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. നിരക്ക് വർധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി കമ്മീഷനെ നിയോഗിക്കും. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള തുടർനടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇ.എസ്.ഐ. ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഡ്രൈവർമാർക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും ചർച്ച നടത്തിയിട്ടുണ്ട്. ഈ ആവശ്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂവീലർ ടാക്സികൾക്ക് അനുമതിയുണ്ടെങ്കിലും വെള്ള ബോർഡുകൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കമ്മീഷനിലെ അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

You may also like