തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ അക്കാദമിക് യോഗ്യത ചോദ്യം ചെയ്ത് രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് ടി.എം. തോമസ് ഐസക്. സംഘപരിവാറിനോടുള്ള വിധേയത്വം മാത്രമാണ് സിസ തോമസിന്റെ യോഗ്യതയെന്നും കേരളത്തിൽ സംഘപരിവാർ പിന്തുണയോടെ വൈസ് ചാൻസലർമാരായും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും നിയമിക്കപ്പെട്ടവരുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറാകാൻ സംസ്കൃതത്തിന്റെ ബാലപാഠമോ ദർശനം, സാഹിത്യം, കല തുടങ്ങിയ മേഖലകളിലൊന്നിലെങ്കിലും പ്രാവീണ്യമോ വേണ്ടേയെന്ന് തോമസ് ഐസക് ചോദിച്ചു. സംസ്കൃതത്തിന്റെ അക്ഷരമാല പോലും അറിയാത്ത സിസ തോമസിന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. അർഹതയില്ലാത്ത സ്ഥാനത്തിരുന്ന് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് പ്രസംഗിക്കാൻ നാണമില്ലേയെന്നും ചോദിച്ചു.
കാലടി സർവകലാശാലയിൽ സമരം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ സിസ തോമസ് നിയമനടപടികൾ ഉൾപ്പെടെ സ്വീകരിച്ച പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ വിമർശനം.
വൈസ് ചാൻസലർ പദവിക്ക് ആവശ്യമായ അക്കാദമിക് യോഗ്യതകളെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ വിശദമായി പരാമർശിച്ചു. സിസ തോമസിന്റെ പേരിൽ പേറ്റന്റ് ഇല്ലെന്നും രണ്ടെണ്ണത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നത് സഹഉടമസ്ഥതയിലാണെന്നുമാണ് ഐസക്കിന്റെ വാദം. പേറ്റന്റിന് അപേക്ഷിക്കുന്നതും അത് ലഭിക്കുന്നതും രണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന അവകാശവാദത്തെയും തോമസ് ഐസക് ചോദ്യം ചെയ്തു. ഏഴെണ്ണം മറ്റുള്ളവർ തയ്യാറാക്കിയ പ്രബന്ധസമാഹാരങ്ങളുടെ സഹപത്രാധിപ സ്ഥാനമാണെന്നും എട്ടാമത്തേത് തയ്യാറായിവരുന്നതേയുള്ളൂവെന്നും അദ്ദേഹം കുറിച്ചു. എൻജിനീയറിങ് കോളജിൽ അധ്യാപികയായും പ്രഫസറായും പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ടെന്നത് വൈസ് ചാൻസലറാകാനുള്ള അക്കാദമിക് യോഗ്യതയല്ലെന്നും വിമർശിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘിവൽക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്നാണ് സിസ തോമസെന്നും സ്വന്തം വിദ്യാർഥികൾക്കെതിരെ കള്ളസാക്ഷ്യം പറയുകയും അവരുടെ ഭാവി തകർക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നുവെന്നും തോമസ് ഐസക് ആരോപിച്ചു. വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുതെന്നും സമരത്തിൽ അവരോടൊപ്പം തങ്ങളും ചേരുമെന്നും മുന്നറിയിപ്പ് നൽകിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
