കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവും ജുഡീഷ്യൽ ഓഫീസറുമായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാഹനാപകടക്കേസുകളാണ് അദ്ദേഹം പരിഗണിക്കുക. കേസിൽ ജഡ്ജിക്ക് ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിനുശേഷം അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല.
അതിനിടെ, അപകടത്തിൽ കൊല്ലപ്പെട്ട മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം പതിനേഴുകാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായതെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി പ്രകടിപ്പിച്ചതെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറായതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചു.
പതിനേഴുകാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഉൾപ്പെടെ നൽകിയ അപ്പീലുകൾ എറണാകുളം പ്രത്യേക സെഷൻസ് കോടതി നേരത്തേ തള്ളിയിരുന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. അപ്പീലുകളിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനവും ജുവനൈൽ കേസുകളിൽ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളും കോടതി ചോദ്യം ചെയ്തിരുന്നു.
ഒക്ടോബർ 25ന് പുലർച്ചെ 2.30നാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ചത്. വീട്ടുകാരുടെ അറിവില്ലാതെ കാർ എടുത്ത് ഓടിച്ചതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. ഇരുട്ടും മഴയും കാരണം സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. അപകടത്തിനുശേഷം പൊലീസ് ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പിന്നീട് ആഭ്യന്തരമന്ത്രിയുടെ അതൃപ്തിക്കു പിന്നാലെ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു.
