തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 130 ദിവസമായി സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊലീസ് ഉപയോഗിച്ച് പൊളിച്ചുനീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നവരോട് ജനാധിപത്യപരമായ സമീപനം സ്വീകരിക്കുന്നതിന് പകരം ഇത്തരം നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ 18 ദിവസമായി നിരാഹാര സമരം നടത്തുന്ന നേതാവ് വളർമതി ടീച്ചറെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് വളർമതിയെ മാറ്റിയതെങ്കിൽ സമരപ്പന്തൽ കൂടി പൊളിച്ചുനീക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനാധിപത്യപരമായ മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. അതിനു പകരം ജനാധിപത്യവിരുദ്ധമായ നടപടികളുമായി മുന്നോട്ടുപോകുന്നത് കേരള സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം. സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും വേഗം സമരം ഒത്തുതീർപ്പാക്കണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു.
