Home Editorialസർവകലാശാലകൾ അധികാരത്തിന്റെ കോട്ടകളാകരുത്

സർവകലാശാലകൾ അധികാരത്തിന്റെ കോട്ടകളാകരുത്

by news_desk
0 comments

വിദ്യാഭ്യാസം അറിവിന്റെ ഇടം മാത്രമല്ല; ജനാധിപത്യബോധവും വിമർശനാത്മക ചിന്തയും വളരേണ്ട ഇടം കൂടിയാണ്. അഭിപ്രായവ്യത്യാസങ്ങളെ കേൾക്കാനും ചോദ്യങ്ങളെ നേരിടാനും വിദ്യാർഥികളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തരാക്കാനും കഴിയുമ്പോഴാണ് സർവകലാശാലകൾ അവയുടെ യഥാർഥ ദൗത്യം നിർവഹിക്കുന്നത്. എന്നാൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമീപകാലത്തുണ്ടാകുന്ന ചില സംഭവങ്ങൾ ഈ ജനാധിപത്യബോധം തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന ആശങ്ക ഉയർത്തുന്നു. കാലടി സർവകലാശാലയിലെ വിദ്യാർഥികളോടുള്ള അധികൃതരുടെ സമീപനം ഇതിന് ഉദാഹരണമാണ്. വിദ്യാർഥികളുടെ പ്രതിഷേധങ്ങളെയും ആവശ്യങ്ങളെയും സംവാദത്തിലൂടെ പരിഹരിക്കുന്നതിനുപകരം നിഷേധാത്മകമായി നേരിടുന്നുവെന്ന വിമർശനം ശക്തമാണ്. വിഷയത്തിൽ കോടതിയിൽ നിന്നുപോലും കടുത്ത പരാമർശങ്ങളുണ്ടായെന്നത് സർവകലാശാലാ ഭരണകൂടങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ്. വിദ്യാർഥികൾ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും ശരിയാണെന്ന് കരുതേണ്ടതില്ല. എന്നാൽ അവരുടെ ശബ്ദം കേൾക്കാനുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വം അധികൃതർക്കുണ്ട്. ഇതിനുപിന്നാലെ എം.ജി സർവകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയുള്ള വൈസ് ചാൻസലറുടെ ഉത്തരവും ആശങ്കാജനകമാണ്. സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ പേരിൽ മാധ്യമങ്ങളുടെ സ്വതന്ത്രമായ ഇടപെടലിനും പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തിനും അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങൾ വിമർശിക്കുമ്പോൾ അസ്വസ്ഥരാകുന്നതിനു പകരം വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള സുതാര്യതയാണ് സർവകലാശാലാ ഭരണകൂടങ്ങൾ കാണിക്കേണ്ടത്. വിദ്യാർഥി പ്രതിഷേധങ്ങളെ അധികാരത്തിന്റെ കരുത്തുകൊണ്ട് അടിച്ചമർത്താമെന്ന ധാരണയും മാധ്യമങ്ങളെ നിയന്ത്രിച്ചാൽ വിമർശനങ്ങൾ അവസാനിക്കുമെന്ന ചിന്തയും ജനാധിപത്യ സ്ഥാപനങ്ങൾക്ക് ഭൂഷണമല്ല. സർവകലാശാലകൾ ഒരു വ്യക്തിയുടെയോ ഭരണകൂടത്തിന്റെയോ സ്വകാര്യ ഇടങ്ങളല്ല. അവ പൊതുസമൂഹത്തിന്റെ അറിവിന്റെയും വിഭവങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അതിനാൽ അവയുടെ ഭരണനടപടികൾ പൊതുപരിശോധനയ്ക്കും വിമർശനത്തിനും വിധേയമായിരിക്കണം. വിദ്യാഭ്യാസമേഖലയിൽ അനാവശ്യമായ വാശികൾക്കും അധികാരപ്രയോഗങ്ങൾക്കും സർക്കാർ കുടപിടിക്കരുത്. തെറ്റായ നടപടികൾ തിരുത്താൻ ഇടപെടുകയും വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുകയും വേണം. പ്രതിഷേധിക്കുന്നവരെ ശത്രുക്കളായി കാണാതെ സംവാദത്തിന്റെ ഭാഗമാക്കണം. വിമർശിക്കുന്ന മാധ്യമങ്ങളെ പുറത്തുനിർത്താതെ അവരോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കണം. ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികളെയും മറുപടി തേടുന്ന മാധ്യമങ്ങളെയും ഭയപ്പെടുന്ന സർവകലാശാലകൾക്ക് ജനാധിപത്യത്തിന്റെ ഭാവി രൂപപ്പെടുത്താനാവില്ല. അധികാരത്തിന്റെ മതിലുകൾ ഉയർത്തുകയല്ല, സംവാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതിലുകൾ തുറക്കുകയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ യഥാർഥ ഉത്തരവാദിത്വം. എം.ജി സർവകലാശാലയുടെ മാധ്യമവിലക്ക് കേവലം മാധ്യമപ്രവർത്തകരുടെ പ്രവേശനം നിയന്ത്രിക്കുന്ന ഒരു ഉത്തരവായി മാത്രം കാണാനാവില്ല. അത് സർവകലാശാലയുടെ സുതാര്യതയെയും പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെയും ഒരുപോലെ ബാധിക്കുന്ന നടപടിയാണ്. മാധ്യമങ്ങളെ പുറത്തുനിർത്തുമ്പോൾ പുറത്താകുന്നത് വാർത്തകൾ മാത്രമല്ല, സർവകലാശാലയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹം അറിയാനുള്ള വഴികൂടിയാണ്. വിദ്യാർഥി സമരങ്ങൾ, ഭരണപരമായ വീഴ്ചകൾ, അധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകൾ, പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങി പൊതുതാൽപര്യമുള്ള വിഷയങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. വൈസ് ചാൻസലറുടെയോ പി.ആർ.ഒയുടെയോ അനുമതിയെന്ന നിബന്ധന മാധ്യമപ്രവർത്തനത്തിന് ഏർപ്പെടുത്തുമ്പോൾ വാർത്തയുടെ സ്വതന്ത്രമായ ശേഖരണവും തത്സമയ റിപ്പോർട്ടിങ്ങും നിയന്ത്രിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അനുമതി ലഭിക്കാത്ത വാർത്തകൾ പുറത്തുവരാതിരിക്കുകയോ ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളിൽ മാത്രം പൊതുജനങ്ങൾക്ക് ആശ്രയിക്കേണ്ടിവരുകയോ ചെയ്യാം. ഇത് മാധ്യമങ്ങളുടെ മാത്രം പ്രശ്നമല്ല. സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെയും രക്ഷിതാക്കളുടെയും നികുതിപ്പണം ചെലവഴിക്കുന്ന പൊതുസമൂഹത്തിന്റെയും അവകാശത്തെ ബാധിക്കുന്ന വിഷയമാണ്. വിമർശനങ്ങളെ ഭയന്ന് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന സമീപനം സ്ഥാപനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കില്ല, മറിച്ച് സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിയൊരുക്കും.
സർവകലാശാലയുടെ വാതിലുകൾ മാധ്യമങ്ങൾക്കു മുന്നിൽ അടയ്ക്കുന്നത് അവിടെ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന്റെ കണ്ണിൽനിന്ന് മറയ്ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടും. അത്തരമൊരു സാഹചര്യം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ജനാധിപത്യപരമായ ഉത്തരവാദിത്വത്തെയും ഒരുപോലെ ദുർബലപ്പെടുത്തും. സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ ന്യായമായ നടപടികൾ സ്വീകരിക്കാം. എന്നാൽ അതിന്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ പാടില്ല. ഉത്തരവ് അടിയന്തരമായി പിൻവലിച്ച് മാധ്യമപ്രവർത്തനത്തിനുള്ള സ്വതന്ത്ര സാഹചര്യം ഉറപ്പാക്കുകയാണ് സർവകലാശാലയും സർക്കാരും ചെയ്യേണ്ടത്.

You may also like