സുരക്ഷയുടെ പേരിൽ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ഭരണകൂടത്തിന് അവകാശമില്ല
പൗരന്റെ സ്വകാര്യതയും ഭരണകൂടത്തിന്റെ നിരീക്ഷണാധികാരവും തമ്മിലുള്ള അതിർവരമ്പ് വീണ്ടും ചർച്ചയാകുകയാണ്. പ്രധാനമന്ത്രിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതും, ഇസ്രയേൽ നിർമിത ഡിജിറ്റൽ ഫോറൻസിക് ഉപകരണമായ സെലിബ്രൈറ്റ് വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുമതി നൽകിയെന്ന ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ വെളിപ്പെടുത്തലും കേവലം രാഷ്ട്രീയ വിവാദങ്ങളായി തള്ളിക്കളയാനാവില്ല. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ് എന്ന അടിസ്ഥാന ജനാധിപത്യ ചോദ്യമാണ് ഇവ ഉയർത്തുന്നത്. മൊബൈൽ ഫോണിന്റെ പാസ്വേഡ് മറികടന്ന് ചാറ്റുകൾ, ചിത്രങ്ങൾ, കോൾ വിവരങ്ങൾ, ആപ്ലിക്കേഷൻ ഡാറ്റ എന്നിവ വീണ്ടെടുക്കാൻ ശേഷിയുള്ള ഉപകരണമാണ് സെലിബ്രൈറ്റ്. ഏകദേശം അഞ്ചുകോടി രൂപ ചെലവിൽ ഉപകരണം വാങ്ങുന്നതിനും മേക്ക് ഇൻ ഇന്ത്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനും പിന്നിലെ സാഹചര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. കുറ്റാന്വേഷണത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തെറ്റല്ല. എന്നാൽ ഒരു പൗരന്റെ സമ്പൂർണ സ്വകാര്യ ജീവിതത്തിലേക്കുള്ള താക്കോലായി ഇത്തരം ഉപകരണങ്ങൾ മാറുമ്പോൾ അവയുടെ ഉപയോഗം കർശനമായ നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം. അന്വേഷണത്തിന്റെ പേരിൽ സ്വകാര്യതയെ അട്ടിമറിക്കാനുള്ള അധികാരം ഒരു ഏജൻസിക്കും ഭരണകൂടത്തിനുമില്ല. പെഗസസ് വിവാദം രാജ്യത്തിന്റെ ജനാധിപത്യ മനഃസാക്ഷിയെ നേരത്തേ ചോദ്യം ചെയ്തതാണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഫോണുകൾ നിരീക്ഷിക്കപ്പെട്ടെന്ന ആരോപണം ഉയർന്നിട്ടും ആരൊക്കെ നിരീക്ഷണത്തിന് വിധേയരായി, ആരുടെ അനുമതിയോടെയാണ് അതു നടന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചില്ല. അന്ന് പാർലമെന്റിനകത്തും പുറത്തും വിഷയം ഉന്നയിച്ച ജോൺ ബ്രിട്ടാസിനെപ്പോലുള്ളവരുടെ ചോദ്യങ്ങൾക്കുപോലും തൃപ്തികരമായ വിശദീകരണം ഉണ്ടായില്ല. ഇപ്പോൾ ഉയരുന്ന പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും പഴയ ആശങ്കകൾക്ക് വീണ്ടും ജീവൻ നൽകുകയാണ്.
സുരക്ഷയും സ്വകാര്യതയും പരസ്പരവിരുദ്ധമായ ആശയങ്ങളല്ല. രാജ്യസുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ആ ഉത്തരവാദിത്വം പൗരന്റെ മൗലികാവകാശങ്ങൾ ഇല്ലാതാക്കാനുള്ള മറയാകരുത്. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും തെളിവുകൾ ശേഖരിക്കാനും നിയമാനുസൃതമായ നിരീക്ഷണം ആവശ്യമായി വന്നേക്കാം. പക്ഷേ അതിന് വ്യക്തമായ നിയമാടിസ്ഥാനം, കൃത്യമായ അനുമതി, ഉപയോഗപരിധി, സ്വതന്ത്ര മേൽനോട്ടം, ദുരുപയോഗം തടയാനുള്ള സംവിധാനങ്ങൾ എന്നിവ നിർബന്ധമാണ്. ആരെ നിരീക്ഷിക്കണം, എന്തിനുവേണ്ടി, എത്രകാലത്തേക്ക്, ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ വേണം.
മൊബൈൽ ഫോൺ ഇന്ന് വെറുമൊരു ആശയവിനിമയ ഉപകരണമല്ല. ഒരാളുടെ സ്വകാര്യ സംഭാഷണങ്ങൾ, കുടുംബബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ആരോഗ്യവിവരങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, സാമൂഹിക ബന്ധങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമഗ്രമായ രേഖയാണ് അതിൽ സൂക്ഷിക്കപ്പെടുന്നത്. അതിലേക്ക് അനിയന്ത്രിതമായി കടന്നുകയറുന്നത് ഒരാളുടെ സ്വകാര്യതയെ മാത്രമല്ല, അയാളുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും ബാധിക്കും. ഭരണകൂടത്തെ വിമർശിക്കുന്നവരും അധികാരത്തോട് വിയോജിക്കുന്നവരും നിരീക്ഷിക്കപ്പെടുമെന്ന ഭീതിയിൽ നിശ്ശബ്ദരാകുന്ന സാഹചര്യം ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണം രാഷ്ട്രീയ ആരോപണമായി മാത്രം കാണാതെ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിന് വിധേയമാക്കണം. അതുപോലെ സെലിബ്രൈറ്റ് ഉപകരണം വാങ്ങാനുള്ള അനുമതി, അതിന്റെ സാങ്കേതികശേഷി, ഉപയോഗിക്കാനുള്ള ഏജൻസികൾ, നിയമപരമായ നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണം. പാർലമെന്റിൽ വിശദീകരണം നൽകാനും സർക്കാർ ബാധ്യസ്ഥമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങളും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ നീക്കം നടത്തുന്നുണ്ടെങ്കിൽ അവിടെയും ഒരേ തരത്തിലുള്ള നിയമപരമായ നിയന്ത്രണങ്ങൾ ഉറപ്പാക്കണം. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ രാജ്യമാണ് ഇന്ത്യ. ആ അവകാശം ഭരണകൂടത്തിന്റെ ഔദാര്യമല്ല; ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശമാണ്. അധികാരത്തെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും സ്വകാര്യമായി ജീവിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ അടിത്തറയാണ്. പൗരന്മാരെ സംരക്ഷിക്കേണ്ട ഭരണകൂടം അവരുടെ ഓരോ നീക്കവും നിരീക്ഷിക്കുന്ന സംവിധാനമായി മാറരുത്. സുരക്ഷയുടെ പേരിൽ സർവവ്യാപിയായ നിരീക്ഷണത്തിന് വഴിയൊരുക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. പൗരന്റെ സുരക്ഷ ഉറപ്പാക്കേണ്ട ഭരണകൂടം പൗരന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകരുത്. ജനാധിപത്യത്തിൽ നിരീക്ഷണത്തിന് അതിരുകളുണ്ടാകണം; അധികാരത്തിന് അതിരുകളുണ്ടാകണം.
