Home Keralaസംശയം തോന്നാതിരിക്കാൻ ജനത്തിരക്കേറിയ മേഖലയിൽ വാടകവീട്; രഹസ്യ ചീട്ടുകളി സംഘത്തിൽനിന്ന് പിടിച്ചത് 4.96 ലക്ഷം രൂപ

സംശയം തോന്നാതിരിക്കാൻ ജനത്തിരക്കേറിയ മേഖലയിൽ വാടകവീട്; രഹസ്യ ചീട്ടുകളി സംഘത്തിൽനിന്ന് പിടിച്ചത് 4.96 ലക്ഷം രൂപ

by news_desk1
0 comments

കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നഗരത്തിലെ ജനവാസ മേഖലയിൽ വാടകവീടെടുത്ത് രഹസ്യമായി പണംവെച്ച് ചീട്ടുകളിച്ച സംഘം പിടിയിൽ. മലാപറമ്പ് ജങ്ഷനു സമീപം ഗുരുദേവ് റോഡിലെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4,96,050 രൂപയും പിടിച്ചെടുത്തു.

നാർക്കോട്ടിക് സെൽ എസിപി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ജനവാസ മേഖലയിലെ വീട് ചീട്ടുകളിക്കായി വാടകയ്ക്കെടുത്തത്. കേരള ഗെയിമിംഗ് ആക്ട് 7, 8 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

കക്കോടി സ്വദേശി മുഹമ്മദ് റാഫി (52), കരുവിശ്ശേരി സ്വദേശി ശിവമണി (40), ഉള്ളിയേരി സ്വദേശി അനിൽകുമാർ (49), പറമ്പിൽ ബസാർ സ്വദേശി അബ്ദുൽ ലത്തീഫ് (50), ചേമഞ്ചേരി സ്വദേശി ബാലകൃഷ്ണൻ (56), കരാപറമ്പ് സ്വദേശി സലീം (58), വേങ്ങേരി സ്വദേശി അബ്ദുൽ നജീബ് (62), മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദ് റിയാസ് (41), കുതിരവട്ടം സ്വദേശി പൗലോസ് (51), എലത്തൂർ സ്വദേശി അനിൽകുമാർ (41), ചേളന്നൂർ സ്വദേശി ഷംനാസ് (40), പാലാഴി സ്വദേശി സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്.

You may also like