Home Keralaവസ്ത്രത്തിൽ തൂക്കിയെടുത്ത് വടികൊണ്ട് ക്രൂരമർദനം; 13കാരന്റെ രണ്ടാനച്ഛൻ രണ്ട് മണിക്കൂറിനുള്ളിൽ പിടിയിൽ

വസ്ത്രത്തിൽ തൂക്കിയെടുത്ത് വടികൊണ്ട് ക്രൂരമർദനം; 13കാരന്റെ രണ്ടാനച്ഛൻ രണ്ട് മണിക്കൂറിനുള്ളിൽ പിടിയിൽ

by news_desk1
0 comments

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ അടിയന്തര ഇടപെടലിലാണ് പ്രതിയെ അതിവേഗം പിടികൂടിയത്. കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്.

ചടയമംഗലം കുരിയോടിൽ കഴിഞ്ഞ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ രാജേഷ് മുറിയിലായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിലെത്തിച്ച ശേഷം വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പകർത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ആദ്യ വിവാഹത്തിലെ മകനായ കുട്ടിയോടുള്ള ഇഷ്ടക്കേടാണ് അതിക്രമത്തിനു പിന്നിലെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ. രാജേഷ് കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

സംഭവത്തിൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് വിളിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും സുരക്ഷിതമായ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You may also like