Home Kerala‘വിസി ഏകഛത്രാധിപതിയല്ല, സർക്കാർ എന്തെടുക്കുന്നു?’; കാലടിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി പിണറായി

‘വിസി ഏകഛത്രാധിപതിയല്ല, സർക്കാർ എന്തെടുക്കുന്നു?’; കാലടിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി പിണറായി

by news_desk1
0 comments

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വൈസ് ചാൻസലർ സിസ തോമസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയ അദ്ദേഹം, വിദ്യാർഥികളുടെ ഭാവി തകർക്കാമെന്ന് ആരും കരുതേണ്ടെന്നും നിലപാടുകൾ തിരുത്തുന്നതുവരെ സമരം തുടരുമെന്നും വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് പിണറായി വിജയൻ സർവകലാശാലയിലെത്തിയത്.

കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കൊപ്പമാണ് നാടാകെയെന്നും എസ്എഫ്ഐയോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായി ആസൂത്രിതമായ ഇടപെടലുകളാണ് സർവകലാശാലയിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നുണകൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ആർഎസ്എസിന് പ്രത്യേക വൈദഗ്ധ്യമുണ്ടെന്നും അവരുടെ ഇഷ്ടതോഴിയായാണ് വൈസ് ചാൻസലർ സിസ തോമസ് പ്രവർത്തിക്കുന്നതെന്നും പിണറായി വിമർശിച്ചു.

കേരളം പോലൊരു സംസ്ഥാനത്ത് വൈസ് ചാൻസലർ പദവി വലിയ ആദരവ് അർഹിക്കുന്നതാണ്. എന്നാൽ വിദ്യാർഥികളോട് ശത്രുത പുലർത്തുന്നവരെ അധ്യാപകരായി കാണാനാകില്ല. വിദ്യാർഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിസ തോമസ് ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ശവദാഹം വിദ്യാർഥികൾ നടത്തിയെന്നായിരുന്നു വൈസ് ചാൻസലറുടെ ആരോപണം. ഇതിന്റെ പേരിൽ 16 വിദ്യാർഥികളെ കണ്ടെത്തി സസ്പെൻഡ് ചെയ്തു. വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിനെതിരെ അന്നോ തൊട്ടടുത്ത ദിവസമോ പരാതിയുണ്ടായിരുന്നില്ല. ദിവസങ്ങൾക്കുശേഷമാണ് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഉണ്ടായത്. അന്ന് കേരളത്തിലുണ്ടായിരുന്ന ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കറിന് ഇതിൽ കൃത്യമായ പങ്കുണ്ടെന്നും പിണറായി ആരോപിച്ചു.

ഗണവേഷം ധരിച്ചിട്ടില്ലെന്നേയുള്ളൂ, അർലേക്കർ കറകളഞ്ഞ ആർഎസ്എസുകാരനാണെന്നും ഗവർണറും വൈസ് ചാൻസലറും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജപരാതി ഉയർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാർഥികളുടെ സമരത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ചെയ്യുന്നതെന്നും പിണറായി ചോദിച്ചു. കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. എന്നാൽ സർക്കാർ അതിന് തയ്യാറാകുന്നില്ല. വിദ്യാർഥികളെ സസ്പെൻഷനിൽ നിർത്തി അവരുടെ ഭാവി നശിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വൈസ് ചാൻസലർ ഏകഛത്രാധിപതിയല്ല. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ സർക്കാർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയവരാണ് തങ്ങളെന്ന നിലപാടാണോ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്നതെന്നും പിണറായി വിമർശിച്ചു. സർക്കാരിന്റെ നിലപാടുകൾ തിരുത്തേണ്ടതുണ്ട്. വിദ്യാർഥികളുടെ നീതി ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like