Home Keralaഅഞ്ചുമാസത്തിനിടെ നാല് നവജാത ശിശുമരണങ്ങൾ; അട്ടപ്പാടിയിൽ വിദഗ്ധ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

അഞ്ചുമാസത്തിനിടെ നാല് നവജാത ശിശുമരണങ്ങൾ; അട്ടപ്പാടിയിൽ വിദഗ്ധ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

by news_desk1
0 comments

പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ നവജാത ശിശുമരണങ്ങളുടെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘങ്ങളുടെ അന്വേഷണം. മരണങ്ങൾ ഗൗരവമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ധ സംഘങ്ങളെ വീതം നിയോഗിക്കണമെന്നാണ് നിർദേശം.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അട്ടപ്പാടിയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാല് നവജാത ശിശുക്കൾ ഉൾപ്പെടെ കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഓരോ മരണത്തിന്റെയും സാഹചര്യങ്ങളും ആരോഗ്യപരമായ കാരണങ്ങളും സമഗ്രമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലെ നിർദേശം.

തുടർച്ചയായ ശിശുമരണങ്ങൾ ആശങ്കയുയർത്തിയതോടെ അട്ടപ്പാടിയിലെ മാതൃ-ശിശു ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നേരത്തെ നടപടികൾ പ്രഖ്യാപിച്ചിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങളും അധികൃതർ വിലയിരുത്തിയിരുന്നു.

ശിശുമരണങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം അട്ടപ്പാടിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലെ പോരായ്മകൾ കൂടി അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

You may also like