തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർഥികളുടെ യാത്രാ കൺസഷനും വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. നിരക്ക് വർധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളിയ മന്ത്രി, ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും വ്യക്തമാക്കി. അതേസമയം, കൗമാരക്കാർ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെങ്കിലും യാത്രാനിരക്കിലും വിദ്യാർഥി കൺസഷനിലും വർധനയുണ്ടാകില്ല. ബസ് ഉടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനയെ അനുകൂലിക്കുന്നില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്നും കൂടുതൽ പേർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുമെന്നും ഉടമകൾക്കിടയിൽ ആശങ്കയുണ്ട്. ഒരുകാലത്ത് സംസ്ഥാനത്ത് 30,000 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം 8,000 ആയി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. 2022ലാണ് അവസാനമായി ഇവയുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
കൗമാരക്കാർ വാഹനാപകടങ്ങളിൽ പ്രതികളാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തമുണ്ടാകണമെന്നാണ് മന്ത്രിയുടെ മറ്റൊരു നിർദേശം. മക്കൾ വാഹനമോടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാഹനത്തിന്റെ ഉടമകളെന്ന നിലയിൽ രക്ഷിതാക്കൾക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്ന രക്ഷിതാക്കളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന നിലപാടാണ് മന്ത്രി മുന്നോട്ടുവച്ചത്.
