തിരുവനന്തപുരം: കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ യുവാവിനെ വീടിന്റെ സൺഷെയ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കോവളത്ത് ഉച്ചക്കട സ്വദേശി ശരൺ (26) ആണ് മരിച്ചത്. രണ്ട് കൈകളും പിന്നിലേക്ക് ചേർത്തുപിടിച്ച് തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അവിവാഹിതനായ ശരൺ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പാചകത്തൊഴിലാളിയായ അമ്മ ഇന്നലെ രാത്രി വിവാഹച്ചടങ്ങിനുള്ള സദ്യയൊരുക്കാൻ പോയതിനാൽ വീട്ടിൽ ശരൺ തനിച്ചായിരുന്നു. രാത്രി 11 മണിക്ക് ശേഷവും ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സുഹൃത്ത് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ശരൺ തൂങ്ങിനിൽക്കുന്നത് കണ്ടത്.
ഓൺലൈൻ ഇടപാടിലൂടെ ശരണിന് പണം നഷ്ടമായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ശരണിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
മരണത്തിലെ സാഹചര്യങ്ങളും കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയതും നാട്ടുകാരിൽ സംശയമുയർത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
