Home Businessഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 600 മില്യൺ ഡോളർ കടക്കും, വൻ ഡിമാൻഡെന്ന് പ്രതിരോധ സെക്രട്ടറി

ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 600 മില്യൺ ഡോളർ കടക്കും, വൻ ഡിമാൻഡെന്ന് പ്രതിരോധ സെക്രട്ടറി

by news_desk1
0 comments

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിൽ ബ്രഹ്മോസ് മിസൈലുകൾക്ക് വൻ മുന്നേറ്റമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്. ലോകവിപണിയിൽ ബ്രഹ്മോസിന് വലിയ ഡിമാൻഡുണ്ടെന്നും മിസൈൽ കയറ്റുമതിയിലൂടെ 600 മില്യൺ ഡോളർ, ഏകദേശം 5,760 കോടി രൂപ, വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ഓപ്പറേഷൻ സിന്ദൂർ’ വഴി യുദ്ധമുഖത്ത് ബ്രഹ്മോസ് മിസൈൽ അതിന്റെ മികവ് തെളിയിച്ചെന്നും സുഖോയ് വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന എയർ-ലോഞ്ച് പതിപ്പ് വലിയ വിജയമായെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഈ തന്ത്രപ്രധാന സംവിധാനത്തിന് ആഗോള വിപണിയിൽ വലിയ സാധ്യതകളുണ്ടെന്നും ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ നെടുംതൂണായി ബ്രഹ്മോസ് മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരൊക്കെയാണ് ബ്രഹ്മോസ് വാങ്ങുന്നത്?

ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവയുമായാണ് ഇന്ത്യ പ്രധാനമായും ബ്രഹ്മോസ് കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നത്.

ഫിലിപ്പീൻസ്: 2022ൽ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ് മാറി. 330 മില്യൺ ഡോളർ, ഏകദേശം 3,168 കോടി രൂപ, മൂല്യമുള്ള മിസൈലുകൾ ഇന്ത്യ ഇതിനകം കൈമാറിയിട്ടുണ്ട്.

വിയറ്റ്നാം: ഈ വർഷം മേയ് മാസത്തിലാണ് വിയറ്റ്നാമുമായി കരാറിലെത്തിയത്. ആദ്യഘട്ടത്തിൽ 100 മില്യൺ ഡോളർ, ഏകദേശം 960 കോടി രൂപ, മൂല്യമുള്ള കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്.

ഇന്തോനേഷ്യ: ബ്രഹ്മോസിനൊപ്പം അസ്ത്ര മിസൈലുകളും ഇന്ത്യ ഇന്തോനേഷ്യയ്ക്ക് നൽകും. ഏകദേശം 200 മില്യൺ ഡോളർ, 1,920 കോടി രൂപ, മൂല്യമുള്ള ഇടപാടാണിത്. ഇൻഡോ-പസഫിക് മേഖലയിലെ മൂന്നാമത്തെ വലിയ കരാറാണിതെന്നും വിവരമുണ്ട്.

യുഎഇ ഉൾപ്പെടെ അര ഡസനോളം രാജ്യങ്ങൾ കൂടി ബ്രഹ്മോസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

എന്തുകൊണ്ട് ബ്രഹ്മോസിന് ഇത്ര ഡിമാൻഡ്?

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമിക്കുന്നത്. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നാണ്. കര, കടൽ, ആകാശം എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിൽനിന്നും ഇത് വിക്ഷേപിക്കാനാകും.

ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ സാന്നിധ്യവും സ്വാധീനവും വർധിക്കുന്നതാണ് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ ബ്രഹ്മോസ് സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. ദക്ഷിണ ചൈനാ കടലിലെ തർക്കമേഖലകൾ സംരക്ഷിക്കുന്നതിൽ നാവികശേഷി കുറഞ്ഞ രാജ്യങ്ങൾക്ക് ബ്രഹ്മോസ് വലിയ മുതൽക്കൂട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലും കുതിപ്പ്

ബ്രഹ്മോസിന് പുറമെ ആർട്ടിലറി ഗണ്ണുകൾ, ഡിആർഡിഒ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച മറ്റ് പ്രതിരോധ ഉൽപന്നങ്ങൾ, ആകാശ് സർഫസ്-ടു-എയർ മിസൈലുകൾ എന്നിവയ്ക്കും വിദേശ രാജ്യങ്ങളിൽ വലിയ ആവശ്യക്കാരുണ്ട്.

ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങൾ ഇപ്പോൾ 80ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി സർവകാല റെക്കോർഡായ 38,424 കോടി രൂപയിലെത്തി. മുൻവർഷത്തെ 23,622 കോടി രൂപയെ അപേക്ഷിച്ച് 14,802 കോടി രൂപയുടെ, അതായത് 62.66 ശതമാനത്തിന്റെ, വർധനയാണ് രേഖപ്പെടുത്തിയത്.

You may also like