ന്യൂഡൽഹി: വെറും 20 രൂപയ്ക്ക് ഫ്ലേവേഡ് മിൽക്ക്! കുറഞ്ഞ വിലയുമായി പാൽ വിപണിയിലേക്ക് കടന്നെത്തിയ റിലയൻസിന്റെ പുതിയ ബ്രാൻഡ് ‘ജോയ്ലാൻഡ്’ കേരളത്തിലും എത്തുന്നതോടെ മിൽമ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾക്ക് മത്സരം കടുക്കുമോ? ഭക്ഷ്യോൽപ്പന്ന മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ നീക്കം ഡയറി വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
റിലയൻസിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡാണ് ‘ജോയ്ലാൻഡ്’ എന്ന പേരിൽ ഫ്ലേവേഡ് മിൽക്ക് വിപണിയിലിറക്കിയത്. റെഡി ടു ഡ്രിങ്ക് ഡയറി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലാണ് ഉൽപ്പന്നം ആദ്യം അവതരിപ്പിച്ചത്. 20 രൂപ വിലയുള്ള പാനീയം തുടക്കത്തിൽ സ്ട്രോബെറി, വാനില രുചികളിലാണ് ലഭ്യമാകുക.
ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാരുടെ ബജറ്റിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ വിപണനത്തിനു പിന്നാലെ കേരളം ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഘട്ടംഘട്ടമായി ഉൽപ്പന്നം വ്യാപിപ്പിക്കാനാണ് നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ രുചികളിലും പുതിയ ഡയറി ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.
കുറഞ്ഞ വിലയുമായി കാംപ കോള വിപണിയിലിറക്കി പ്രമുഖ ശീതളപാനീയ ബ്രാൻഡുകളോട് മത്സരിച്ച തന്ത്രം ഡയറി മേഖലയിലും ആവർത്തിക്കാനാണ് റിലയൻസിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. അമുൽ, മിൽമ, മദർ ഡയറി, നന്ദിനി തുടങ്ങിയ ബ്രാൻഡുകൾക്ക് ശക്തമായ സാന്നിധ്യമുള്ള വിപണിയിലേക്കാണ് പുതിയ എതിരാളിയുടെ വരവ്.
കുറഞ്ഞ വിലയും റിലയൻസിന്റെ വിപുലമായ വിതരണ ശൃംഖലയും ജോയ്ലാൻഡിന് മത്സരത്തിൽ നേട്ടമായേക്കും. ഓൺലൈൻ, ഓഫ്ലൈൻ വിപണികളിലെ കമ്പനിയുടെ സാന്നിധ്യവും ഉൽപ്പന്നത്തിന്റെ വ്യാപനം വേഗത്തിലാക്കാൻ സഹായിച്ചേക്കാം. കേരളത്തിൽ ഫ്ലേവേഡ് മിൽക്ക് വിഭാഗത്തിൽ ദേശീയ, പ്രാദേശിക ബ്രാൻഡുകൾ തമ്മിലുള്ള മത്സരം ഇതിനകം ശക്തമാണ്. റിലയൻസ് കൂടി രംഗത്തെത്തുന്നതോടെ ഈ വിഭാഗത്തിൽ മത്സരം കൂടുതൽ കടുക്കാനുള്ള സാധ്യതയുണ്ട്.
എന്നാൽ ജോയ്ലാൻഡിന്റെ വരവ് മിൽമയുടെ പ്രധാന വരുമാനമാർഗമായ പാൽ വിൽപ്പനയ്ക്ക് ഉടൻ വലിയ ഭീഷണിയാകുമെന്ന് കരുതാനാവില്ല. അതേസമയം, ഫ്ലേവേഡ് മിൽക്ക് ഉൾപ്പെടെയുള്ള മൂല്യവർധിത പാലുൽപ്പന്നങ്ങളുടെ വിപണിയിൽ റിലയൻസ് ശക്തമായി ഇടപെടുന്നത് മിൽമ ഉൾപ്പെടെയുള്ള കമ്പനികൾക്ക് പുതിയ വെല്ലുവിളിയാകും. കുറഞ്ഞ വിലയും വ്യാപകമായ ലഭ്യതയും ഉപഭോക്താക്കളെ എത്രത്തോളം ആകർഷിക്കുമെന്നതാകും വിപണിയിലെ മുന്നേറ്റം നിർണയിക്കുക.
