തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് കുരുക്കായി പുതിയ രേഖകൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിനും 10 കോടി രൂപ ആവശ്യപ്പെട്ട് മുൻ കായികമന്ത്രി ധനവകുപ്പിന് കത്തുനൽകിയതിന്റെ പകർപ്പാണ് പുറത്തുവന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രിക്കയച്ച കത്തിൽ സ്റ്റേഡിയം നവീകരണത്തിനായി 10 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കത്തിന് ധനമന്ത്രി അനുമതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും കാരണം പണം കൈമാറിയില്ലെന്നാണ് വിവരം.
സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയ ശേഷമാണ് കായികവകുപ്പ് ധനവകുപ്പിനോട് പണം ആവശ്യപ്പെട്ടത്. സ്പോൺസർ പൂർണമായും സൗജന്യമായി സ്റ്റേഡിയം നവീകരിക്കുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.
2025 സെപ്റ്റംബർ 26നാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിനായി ആർബിസിക്ക് കൈമാറിയത്. ഇതിന് പിന്നാലെ 2025 ഒക്ടോബർ ആറിനാണ് നവീകരണത്തിനായി 10 കോടി രൂപ ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തയച്ചത്. കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട നടപടികളും വിവാദത്തിലായിരിക്കുകയാണ്.
