കോഴിക്കോട്: നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20കാരിയെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ താമരശ്ശേരിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ പി.എസ്. സജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് ഇരുവരെന്നാണ് വിവരം.
നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികൾ കാറിലെത്തി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നാണ് പരാതി. തുടർന്ന് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ഈ സമയം നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായാണ് ആരോപണം. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
റോഡരികിൽ നിർത്തിയിട്ട ബസിനുള്ളിൽ വെച്ചും യുവതിയെ പീഡിപ്പിച്ചതായാണ് വിവരം. കേസിൽ കൂടുതൽ പ്രതികളുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇന്നലെ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.
