കണ്ണൂർ: അമ്മയെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തുന്നത് അഞ്ചാം വയസ്സിൽ നേരിൽ കണ്ട മകന്റെ മൊഴി കേസിൽ നിർണായകമായി. ഇരിട്ടി ശോഭ കൊലപാതകക്കേസിൽ പ്രതിയായ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.
2017 ജനുവരി 21നാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരിട്ടിയിൽ രണ്ട് മക്കൾക്കൊപ്പം ടെന്റ് കെട്ടി താമസിച്ചിരുന്ന ശോഭയെ മഞ്ജുനാഥ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു.
കേസിലെ മൂന്നാം സാക്ഷിയായി വിസ്തരിച്ച ഇപ്പോൾ 15 വയസ്സുള്ള മകന്റെ മൊഴിയാണ് നിർണായകമായത്. കോടതിയിൽ കുട്ടി നൽകിയ മൊഴി ഹൃദയഭേദകമായിരുന്നു. അമ്മയെ കാണാതായതോടെ അനിയത്തി കരഞ്ഞതും ഇരുവരെയും തീവണ്ടിയിൽ കയറ്റി ബാത്ത്റൂമിന് സമീപം ബെഡ്ഷീറ്റ് വിരിച്ച് കിടത്തിയശേഷം പ്രതി പോയതും കുട്ടി കോടതിയിൽ വിവരിച്ചു. അനിയത്തി വിശന്ന് കരഞ്ഞപ്പോൾ ഒരു സ്ത്രീ ഭക്ഷണം നൽകിയെന്നും പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഇരുവരെയും ഹോസ്റ്റലിൽ ആക്കിയെന്നും കുട്ടി മൊഴി നൽകി. സംഭവം നടക്കുമ്പോൾ തനിക്ക് അഞ്ചു വയസ്സായിരുന്നുവെന്നും കുട്ടി കോടതിയെ അറിയിച്ചു.
കൊലപാതകത്തിന് പിറ്റേദിവസം മൈസൂരു വഴി ബെംഗളൂരുവിലെത്തിയ മഞ്ജുനാഥ് അവിടെനിന്നാണ് രണ്ട് പിഞ്ചുകുട്ടികളെയും മുംബൈയിലേക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടത്. തുടർന്ന് 2017 ഫെബ്രുവരി 21ന് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് മറ്റൊരു ക്രൂരകൊലപാതകത്തിന്റെ വിവരങ്ങളും പുറത്തുവന്നത്.
2015 ഡിസംബറിൽ ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയിരുന്നു. പിന്നീട് മൃതദേഹം വനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു. ഈ കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ പറഞ്ഞതാണ് അവരെ കൊലപ്പെടുത്താൻ മഞ്ജുനാഥിനെ പ്രേരിപ്പിച്ചതെന്നാണ് കേസ്.
