Home Kerala‘കുപ്രചരണങ്ങൾ വഴിമുടക്കില്ല, കുടിലതന്ത്രങ്ങൾ തളർത്തില്ല’; ഷാഫിക്ക് ആലപ്പുഴയിലും ഫ്ലക്സ് പിന്തുണ, പരിഹാസവുമായി അമൽ ഉണ്ണിത്താൻ

‘കുപ്രചരണങ്ങൾ വഴിമുടക്കില്ല, കുടിലതന്ത്രങ്ങൾ തളർത്തില്ല’; ഷാഫിക്ക് ആലപ്പുഴയിലും ഫ്ലക്സ് പിന്തുണ, പരിഹാസവുമായി അമൽ ഉണ്ണിത്താൻ

by news_desk1
0 comments

ആലപ്പുഴ: കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ തലങ്ങളിലേക്ക്. ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ ഉയരുന്നതിനിടെ, ആലപ്പുഴയിലും അനുകൂല സന്ദേശവുമായി പ്രവർത്തകർ രംഗത്തെത്തി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകൾക്കു പിന്നാലെ മാന്നാറിലും പരുമലക്കടവിലുമാണ് യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിൽ ഫ്ലക്സുകൾ സ്ഥാപിച്ചത്.

‘കുപ്രചരണങ്ങൾ വഴിമുടക്കില്ല, കുടിലതന്ത്രങ്ങൾ തളർത്തില്ല’ എന്ന വാചകമാണ് ഫ്ലക്സുകളിൽ ഇടംപിടിച്ചിരിക്കുന്നത്. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഷാഫിക്ക് പിന്തുണയുമായി പ്രവർത്തകർ പരസ്യമായി രംഗത്തെത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഷാഫിയുടെ പേരുമുണ്ട്.

അതേസമയം, ഷാഫിക്കെതിരായ വിമർശനം തുടരുകയാണ് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. ഷാഫിയെ അനുകൂലിച്ച് ഉയരുന്ന ഫ്ലക്സ് ബോർഡുകൾക്ക് അധികം ആയുസ്സുണ്ടാകില്ലെന്നാണ് അമലിന്റെ പരിഹാസം. പിആർ സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങളെ എല്ലാക്കാലവും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ഷാഫി തന്റെ സൈബർ ടീമിനെ നിയന്ത്രിക്കണമെന്നും യുകെയിലുള്ള അമൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനങ്ങൾക്കു പിന്നാലെ ആരംഭിച്ച തർക്കത്തിൽ നേതാക്കളുടെ പ്രതികരണങ്ങൾക്ക് കെപിസിസി നേതൃത്വം വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഫ്ലക്സ് ബോർഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇരുവിഭാഗങ്ങളുടെയും പ്രതികരണങ്ങൾ തുടരുകയാണ്. പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമായ പിന്തുണാ പ്രകടനങ്ങളിലേക്കും സമൂഹമാധ്യമ പോരിലേക്കും നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്.

You may also like