തിരുവനന്തപുരം: ഒന്നര മണിക്കൂർ പെരുമഴയിൽ നഗരം വെള്ളത്തിലായപ്പോൾ മേയർ ഔദ്യോഗിക സന്ദർശനത്തിനായി ഗോവയിൽ! വെള്ളക്കെട്ടിൽ കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ മേയർ വി.വി. രാജേഷ് അടിയന്തര യോഗം വിളിച്ചു. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്താത്തതാണ് നഗരത്തിലെ ദുരിതത്തിന് കാരണമെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.
വെള്ളക്കെട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 10 മണിക്കാണ് മേയർ ഹെൽത്ത് സർക്കിൾ യോഗം വിളിച്ചിരിക്കുന്നത്. ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെയാണ് അദ്ദേഹം തലസ്ഥാനത്ത് മടങ്ങിയെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂർ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് വെള്ളക്കെട്ടിലായത്. ബസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്തവിധം ഗതാഗതം സ്തംഭിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ദുരിതത്തിലായി. മൂടിപ്പോയ ഡ്രെയിനേജ് ഹോളുകൾ തുറന്ന് വെള്ളം ഒഴുക്കിവിടാൻ ശുചീകരണ തൊഴിലാളികളും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഒന്നര മണിക്കൂറിനിടെ നഗരത്തിൽ ലഭിച്ചത് 91 മില്ലിമീറ്റർ മഴയാണ്.
ചാറ്റൽമഴ പെയ്താൽ പോലും ഓടകൾ നിറയുന്ന അവസ്ഥയാണെന്നും ഓടകൾക്ക് 100 സെന്റിമീറ്റർ പോലും താഴ്ചയില്ലെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ ആരോപിച്ചു. ഇതിനിടെ ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം വിമർശനം കടുപ്പിച്ചു.
നഗരത്തിലെ വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ ബിജെപി ഭരണത്തിലുള്ള നഗരസഭയുടെ ‘വികസിത തിരുവനന്തപുരം ബ്ലൂപ്രിന്റ്’ എന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി പരിഹസിച്ചു. തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റല്ല, ‘ബ്ലൂം പ്രിന്റാ’ണെന്നും അദ്ദേഹം വിമർശിച്ചു. മാലിന്യം നീക്കാൻ പൊലീസിന് ഇറങ്ങേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ മുൻ മേയർ വി.കെ. പ്രശാന്ത്, പിന്നെ കോർപറേഷന്റെ ജോലിയെന്താണെന്നും ചോദിച്ചു.
ഇൻഡോർ മാതൃകയും ബ്ലൂപ്രിന്റും പോലുള്ള പതിവ് അവകാശവാദങ്ങൾ അവസാനിപ്പിച്ച് നഗരത്തിലെ ഓടകളും മറ്റും കൃത്യസമയത്ത് വൃത്തിയാക്കാൻ മേയർ ശ്രമിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു. ഇതാണോ ബിജെപിയുടെ വികസിത അനന്തപുരിയെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥനും ചോദിച്ചു. വെള്ളക്കെട്ടും അതുമൂലമുള്ള നാശനഷ്ടങ്ങളും ജനങ്ങൾ നേരിടുന്ന അസൗകര്യങ്ങളും ഉണ്ടായതിന് പ്രധാന ഉത്തരവാദി ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
