Home Keralaഒരുമണിക്കൂർ പെരുമഴയിൽ മുങ്ങി തിരുവനന്തപുരം നഗരം; തമ്പാനൂരിൽ വാഹനങ്ങൾ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

ഒരുമണിക്കൂർ പെരുമഴയിൽ മുങ്ങി തിരുവനന്തപുരം നഗരം; തമ്പാനൂരിൽ വാഹനങ്ങൾ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

by news_desk1
0 comments

തിരുവനന്തപുരം: ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന കനത്ത മഴയിൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലായി. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പെയ്ത പെരുമഴയിൽ തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമീപത്തെ കടകളിലും ഓഫിസുകളിലും വെള്ളം കയറിയതോടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനെത്തിയവരും ദുരിതത്തിലായി.

ആശുപത്രിയിലെത്തിയ യാത്രക്കാരും അപ്രതീക്ഷിത വെള്ളക്കെട്ടിൽ കുടുങ്ങി. “ആശുപത്രിയിൽ വന്നതാണ്. ഇത്രയും വെള്ളം പ്രതീക്ഷിച്ചില്ല. തലസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. കുട്ടനാട്ടുകാരാണ് ഞങ്ങൾ. ഇവിടെ ഇത്രയും വെള്ളമുണ്ടാകുമെന്ന് കരുതിയില്ല,” ഒരു യാത്രക്കാരൻ പ്രതികരിച്ചു. ഓടകൾ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നും യാത്ര ചെയ്യാൻ വഞ്ചി വേണ്ടിവരുമെന്നും മറ്റൊരു യാത്രക്കാരൻ പരിഹസിച്ചു.

ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഭാഗത്തുള്ള ഓട അടഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നാണ് മറ്റൊരു യാത്രക്കാരന്റെ ആരോപണം. മുൻപ് ഇതിലും രൂക്ഷമായി വെള്ളം കയറിയിരുന്നെങ്കിലും ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഓടകൾ വൃത്തിയാക്കുകയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളക്കെട്ടിന് പിന്നാലെ കോർപറേഷനെതിരെ സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. കോർപറേഷന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇരു പാർട്ടികളുടെയും ആരോപണം. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതും ശുചീകരണ തൊഴിലാളികളുടെ അഭാവവുമാണ് നഗരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന വിമർശനവും ശക്തമാണ്.

You may also like