Home Keralaരണ്ടാം ഭർത്താവിന്റെ ക്രൂരതയിൽ ശോഭയ്ക്ക് ദാരുണാന്ത്യം; ‘ഉയിർ’ സിനിമയ്ക്ക് പ്രചോദനമായ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ, ശിക്ഷ നാളെ

രണ്ടാം ഭർത്താവിന്റെ ക്രൂരതയിൽ ശോഭയ്ക്ക് ദാരുണാന്ത്യം; ‘ഉയിർ’ സിനിമയ്ക്ക് പ്രചോദനമായ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ, ശിക്ഷ നാളെ

by news_desk1
0 comments

തലശ്ശേരി: ഏഴുവയസ്സുകാരിയായ മകളുടെ നിർണായക മൊഴി ഉൾപ്പെടെ കേസിൽ വഴിത്തിരിവായ തെളിവുകൾ. ഏറെ ചർച്ചയായ ഇരിട്ടി ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരനെന്ന് തലശ്ശേരി കോടതി കണ്ടെത്തി. കർണാടക തിമ്മരാജനഹള്ളി സ്വദേശിയായ 55കാരന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിനെ ആസ്പദമാക്കിയാണ് ‘ഉയിർ’ എന്ന സിനിമ ഒരുക്കിയത്.

ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നിയാണ് കേസ് പരിഗണിച്ചത്. 2017 ജനുവരി 14ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇരിട്ടിയിലെ കടവരാന്തയിൽ രണ്ടു മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ശോഭയെ മഞ്ജുനാഥ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ കിണറ്റിൽ തള്ളുകയായിരുന്നു. ആറുവയസ്സുകാരിയായ ശോഭയുടെ മകൾ സംഭവം നേരിൽ കണ്ടതായി നൽകിയ മൊഴി കേസിൽ നിർണായകമായി.

കർണാടകയിൽ ഭാര്യയ്ക്കൊപ്പം കഴിയുകയായിരുന്ന മഞ്ജുനാഥ്, തുംകൂർ മരളനഹള്ളിയിൽ ഭർത്താവ് രാജുവിനൊപ്പം താമസിച്ചിരുന്ന ശോഭയുമായി പരിചയത്തിലാകുകയായിരുന്നു. പിന്നീട് ശോഭയുടെ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത ശേഷം ഇരുവരും കേരളത്തിലെത്തി. വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷമാണ് ഇരിട്ടിയിലെത്തിയത്.

കൊലപാതകത്തിന് തലേദിവസം നാട്ടിലുള്ള ഭാര്യയെയും മകനെയും കാണാൻ പോകണമെന്ന് മഞ്ജുനാഥ് പറഞ്ഞത് ശോഭ എതിർത്തിരുന്നു. രാജുവിനെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിക്കുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനു പിന്നാലെയാണ് ശോഭയെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം ശോഭയുടെ രണ്ടു മക്കളെയും പ്രതി ട്രെയിനിൽ ഉപേക്ഷിച്ചു. രാജുവുമായുള്ള ബന്ധത്തിലുള്ള കുട്ടികളെ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡർ കെ. അജിത് കുമാർ ഹാജരായി.

You may also like