പാലക്കാട്: ഉടമ ഭക്ഷണം കഴിക്കാനിരുന്ന സമയം നോക്കി കവർച്ചാസംഘം എത്തി; ആയുധം കാട്ടി ഭീഷണിപ്പെടുത്തി 20 പവനോളം സ്വർണവുമായി കടന്നുകളഞ്ഞു. പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പട്ടാപ്പകൽ കവർച്ച നടന്നത്.
ടി.എൻ. 07 എ.ഇ. 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ജ്വല്ലറിയിലെത്തിയവർ ആയുധം കാട്ടി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കാറിൽ കയറി അതിവേഗം രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്നവർ ഹിന്ദി സംസാരിക്കുന്നവരാണെന്നാണ് പ്രാഥമിക വിവരം. കവർച്ചയ്ക്കുശേഷം സംഘം തൃശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും സൂചനയുണ്ട്.
വിവരമറിഞ്ഞ് കോട്ടായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്കുപയോഗിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ചും പ്രതികൾ രക്ഷപ്പെട്ട വഴികളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പട്ടാപ്പകൽ തിരക്കേറിയ സമയത്ത് ജ്വല്ലറിയിൽ നടന്ന കവർച്ച പ്രദേശത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും കവർന്ന സ്വർണം വീണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
