പൊന്നാനി: ക്രിസ്മസ്–പുതുവത്സര വിപണി ലക്ഷ്യമിട്ട് എത്തിച്ച 85 കിലോയോളം കഞ്ചാവ് വീട്ടിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വെളിയംകോട് സ്വദേശി മുഹമ്മദ് അസ്ഫർ (23) എക്സൈസിന്റെ പിടിയിലായി. രാജസ്ഥാനിൽനിന്ന് കാലികളെ കൊണ്ടുവരുന്ന വാഹനത്തിലാണ് ഇയാൾ കഞ്ചാവ് നാട്ടിലെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്ന് വെളിയംകോട് മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പ്രതിയുടെ വീട്ടിലെ അടച്ചിട്ട മുറിയിൽ നാല് ചാക്കുകളിലായി നിറച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ക്രിസ്മസ്–പുതുവത്സര വിപണിയിൽ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തുനിന്ന് ഇത്രയും വലിയ അളവിൽ കഞ്ചാവ് പിടികൂടുന്നത് ആദ്യമായാണെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൊന്നാനി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ വി.എസ്, പ്രിവന്റീവ് ഓഫീസർമാരായ വിനേഷ് എം.സി, ജ്യോതി ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എസ്, ശ്രീജിത്ത് എസ്, അർജുൻ എ.പി, രാഹുൽ പി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ ജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവും പ്രതിയെയും പൊന്നാനി കോടതിയിൽ ഹാജരാക്കും
