Home Kerala‘പഴയ യു.ഡി.എഫായി മാറരുത്; നന്നായി ഭരിച്ചാൽ വീണ്ടും അധികാരത്തിലെത്താം’; ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനും മുഖ്യമന്ത്രി സാധ്യത പ്രവചിച്ച് ജി. സുധാകരൻ

‘പഴയ യു.ഡി.എഫായി മാറരുത്; നന്നായി ഭരിച്ചാൽ വീണ്ടും അധികാരത്തിലെത്താം’; ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനും മുഖ്യമന്ത്രി സാധ്യത പ്രവചിച്ച് ജി. സുധാകരൻ

by news_desk1
0 comments

കോഴിക്കോട്: ജനങ്ങൾ നൽകിയ വലിയ അവസരം ഗ്രൂപ്പ് പോരുകളിലൂടെ നഷ്ടപ്പെടുത്തരുതെന്ന് യു.ഡി.എഫ് നേതൃത്വത്തിന് ജി. സുധാകരന്റെ മുന്നറിയിപ്പ്. മികച്ച ഭരണം കാഴ്ചവെച്ചാൽ മുന്നണിക്ക് വീണ്ടും അധികാരത്തിലെത്താനാകുമെന്നും അന്ന് രമേശ് ചെന്നിത്തലയ്ക്കോ കെ.സി. വേണുഗോപാലിനോ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ നേതാക്കൾ തമ്മിലുള്ള പരസ്യ പോരിനിടെയായിരുന്നു സുധാകരന്റെ പ്രതികരണം.

ജനങ്ങൾ വോട്ട് ചെയ്തത് പഴയ യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാനല്ല. പഴയ ഗ്രൂപ്പ് കളികളോട് ജനങ്ങൾക്ക് താൽപര്യമില്ല. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വി.ഡി. സതീശനും കെ.സി. വേണുഗോപാലും കഴിവുള്ള നേതാക്കളാണ്. ജനവിധിക്കനുസരിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്. ‘മുഖം നന്നായാൽ മാത്രം പോരാ, ഉള്ളും നന്നാവണം’ എന്നും സുധാകരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ സംഭാവനയാണ് ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു.

സി.പി.എമ്മിലെ ജയരാജന്മാർ തമ്മിലുള്ള തർക്കത്തിലും പാർട്ടി നേതൃത്വത്തിനെതിരെ സുധാകരൻ വിമർശനമുന്നയിച്ചു. പാർട്ടി സെക്രട്ടേറിയറ്റിൽ നടന്ന കാര്യങ്ങൾ എങ്ങനെയാണ് പുറത്തുവന്നതെന്ന് ചോദിച്ച അദ്ദേഹം, സി.പി.എമ്മിന്റെ ആഭ്യന്തരാവസ്ഥ ഇപ്പോൾ എല്ലാവർക്കും ബോധ്യമായെന്നും വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ കണ്ടാണ് താൻ പാർട്ടി വിട്ടതെന്നും തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

രണ്ട് ജയരാജന്മാരും തന്റെ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയ സുധാകരൻ, പാർട്ടിയിൽ തെറ്റുതിരുത്തലിനെക്കുറിച്ച് നിരന്തരം പറയുന്നുണ്ടെങ്കിലും ഇനി ആരാണ് തിരുത്തലുകൾ നടത്തുകയെന്നും ആരാണ് നിയന്ത്രിക്കുകയെന്നും ചോദിച്ചു. നിലവിൽ പാർട്ടിയിൽ നടക്കുന്നത് വെറും പി.ആർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സി.പി.എം നേതാക്കളിൽ തന്നേക്കാൾ സീനിയർ പിണറായി വിജയൻ മാത്രമാണെന്നും സുധാകരൻ പറഞ്ഞു. തന്നെ പിണറായി ആക്ഷേപിച്ചതിന് അദ്ദേഹത്തിന് മറുപടി ലഭിച്ചു. 29,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിവുള്ളവരെ വളർത്തുന്ന രീതിയല്ല പാർട്ടിയിലുള്ളതെന്നും ചില നേതാക്കൾ രാഷ്ട്രീയ ക്രിമിനലിസം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.

You may also like