കൊച്ചി: 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന ബോധ്യത്തിൽ പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി കണക്കാക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി. പ്രായപൂർത്തിയാകാനുള്ള പ്രായപരിധി 18 വയസ്സായി നിശ്ചയിച്ചതിനെക്കുറിച്ചാണ് കോടതി നിർണായക വാക്കാലുള്ള പരാമർശം നടത്തിയത്. 16 വയസ്സാണ് പ്രായപൂർത്തിയാകാനുള്ള പരിധിയെങ്കിൽ നിയമപരമായ പ്രായപരിധിയും അതായിരിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
മദ്യപിച്ച് വാഹനമോടിച്ച 19കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.
സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കിയാണ് കോടതി നിലപാട് വിശദീകരിച്ചത്. സൂര്യൻ ഉദിക്കുന്ന ദിശയാണ് കിഴക്ക്. അതുപോലെ, പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയ്ക്കല്ല, യഥാർഥത്തിൽ പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാനുള്ള പ്രായം 16 ആയി നിശ്ചയിച്ചിരുന്നെങ്കിൽ അതായിരിക്കില്ലേ നിയമപരമായ പരിധിയെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, അപകടത്തിൽപ്പെട്ട 19കാരന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
