Home Kerala‘രണ്ട് വർഷത്തെ വിരമിക്കൽ ഒഴിവുകൾ നൽകിയാൽ സമരം അവസാനിപ്പിക്കും’; സർക്കാരിന് മുന്നിൽ ഉപാധി വെച്ച് വളർമതി

‘രണ്ട് വർഷത്തെ വിരമിക്കൽ ഒഴിവുകൾ നൽകിയാൽ സമരം അവസാനിപ്പിക്കും’; സർക്കാരിന് മുന്നിൽ ഉപാധി വെച്ച് വളർമതി

by news_desk1
0 comments

തിരുവനന്തപുരം: രണ്ട് വർഷത്തെ വിരമിക്കൽ ഒഴിവുകൾ അനുവദിച്ചാൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാവ് വളർമതി. അർഹതപ്പെട്ട ഒഴിവുകൾ ലഭിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും സർക്കാർ അടിച്ചമർത്തൽ നയത്തിലൂടെ സമരം അവസാനിപ്പിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനാണെന്നും വളർമതി പറഞ്ഞു.

താൻ ഒളിവിൽ പോകേണ്ട അവസ്ഥയിലാണെന്നും കുറ്റവാളിയെന്നപോലെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും വളർമതി ആരോപിച്ചു. നീതിക്കുവേണ്ടിയാണ് സമരം നടത്തുന്നത്. അതിൽനിന്ന് എങ്ങനെയാണ് പിന്നോട്ടുപോകാനാകുകയെന്നും അവർ ചോദിച്ചു. സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അത് വെറും വാക്കുകളിൽ മാത്രമാണെന്നും വിമർശിച്ചു.

പ്രതിപക്ഷത്തായിരുന്നപ്പോൾ സമരക്കാരോട് അനുകമ്പ കാട്ടിയവർ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് വളർമതി ചോദിച്ചു. സമരം തുടർന്നാൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും നീതി ലഭിച്ചിട്ടില്ലെന്ന് വളർമതി പറഞ്ഞു. കേരളത്തിൽ എന്ത് തൊഴിൽ ഉറപ്പാണുള്ളതെന്നും അവർ ചോദിച്ചു. സർക്കാർ നടത്തുന്ന ചർച്ചകളിൽ കാര്യമില്ലെന്നും ചർച്ചയിൽ പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ സർക്കാർ വ്യക്തമാക്കുന്നതെന്നും ആരോപിച്ചു.

എച്ച്.ടി.വി തസ്തികകളിലെ ഒഴിവുകളുടെ കണക്ക് സർക്കാർ പുറത്തുവിടണം. നിയമസഭയിൽ പോലും കൃത്യമായ കണക്കുകൾ അവതരിപ്പിക്കുന്നില്ല. 18 അധ്യാപക റാങ്ക് പട്ടികകൾ നീട്ടുമെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിൽ ഏതെങ്കിലും പട്ടിക നീട്ടിയിട്ടുണ്ടോയെന്ന് വളർമതി ചോദിച്ചു. പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ എന്തെങ്കിലും കത്ത് നൽകിയിട്ടുണ്ടോയെന്നും അവർ ആരാഞ്ഞു.

രണ്ട് വർഷത്തെ വിരമിക്കൽ ഒഴിവുകൾ അനുവദിക്കണമെന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഈ ഒഴിവുകൾ എങ്ങനെ നൽകാനാകുമെന്ന് പരിശോധിച്ചശേഷം സർക്കാർ ചർച്ചയ്ക്ക് വിളിക്കണം. ആവശ്യം അംഗീകരിച്ചാൽ സാധാരണക്കാരായ ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുമെന്നും വളർമതി പറഞ്ഞു.

സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ തൃപ്തരല്ലെന്നും സമരം തുടരുമെന്നും എൽ.പി.എസ്.ടി ഉദ്യോഗാർഥികളും വ്യക്തമാക്കിയിട്ടുണ്ട്. മാനസികമായും ശാരീരികമായും സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ടെന്നും നീതിക്കുവേണ്ടി മാത്രമാണ് പോരാട്ടമെന്നും വളർമതി പറഞ്ഞു. തന്റെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും സമരം പൊളിക്കാനുള്ള ശ്രമങ്ങൾ വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

You may also like