Home Nationalമഴ കൈവിട്ടു, സംഭരണികൾ വറ്റുന്നു; തമിഴ്നാട്ടിൽ ജലപ്രതിസന്ധി രൂക്ഷം, ചെന്നൈയും ആശങ്കയിൽ

മഴ കൈവിട്ടു, സംഭരണികൾ വറ്റുന്നു; തമിഴ്നാട്ടിൽ ജലപ്രതിസന്ധി രൂക്ഷം, ചെന്നൈയും ആശങ്കയിൽ

by news_desk1
0 comments

ചെന്നൈ: പ്രതീക്ഷിച്ച മഴ ലഭിക്കാതെ വന്നതോടെ തമിഴ്നാട്ടിലെ ജലസംഭരണികളിൽ ജലനിരപ്പ് കുത്തനെ താഴുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം. ആകെയുള്ള 90 സംഭരണികളിലും കൂടി ശേഷിയുടെ 36.28 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇതിൽ 39 സംഭരണികളിൽ ആകെ ശേഷിയുടെ നാലിലൊന്ന് വെള്ളം മാത്രമാണുള്ളത്.

സംസ്ഥാനത്തെ ജലസംഭരണികളുടെ പരമാവധി ശേഷി 224.34 ടിഎംസി (ആയിരം ദശലക്ഷം ഘനയടി)യാണ്. എന്നാൽ കഴിഞ്ഞ ഞായറാഴ്ചത്തെ കണക്കുപ്രകാരം ആകെ ജലശേഖരം 81.39 ടിഎംസിയായി ചുരുങ്ങി. മൂന്ന് സംഭരണികളിൽ മാത്രമാണ് പരമാവധി ശേഷിയോട് അടുത്ത് വെള്ളമുള്ളത്.

കാവേരി നദീതടത്തിലെ ഡെൽറ്റ ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മേട്ടൂർ അണക്കെട്ടിലും ജലനിരപ്പ് ആശങ്കാജനകമാണ്. 93.47 ടിഎംസി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിലുള്ളത് 25.84 ടിഎംസി വെള്ളം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 88.67 ശതമാനമായിരുന്നു ജലനിരപ്പ്.

മഴക്കുറവും കർണാടകയിൽനിന്നുള്ള കാവേരി നദീജല വിഹിതത്തിൽ ഉണ്ടായ കുറവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്ന സംഭരണികളിലും ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. നഗരത്തിലെ ആറ് പ്രധാന സംഭരണികളിലായി ആകെ ശേഷിയുടെ 39.51 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ ജില്ലകളിൽ ലഭിച്ച മഴയുടെ കുറവാണ് നഗരത്തിലെ ജലസ്രോതസ്സുകളെയും ബാധിച്ചത്.

You may also like