മധുര: സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകൾ നിലനിൽക്കെ തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാതെ തമിഴ്നാട് സർക്കാർ. പതിവുപോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത ദീപമണ്ഡപത്തിൽ മാത്രമാണ് ചൊവ്വാഴ്ച വൈകിട്ട് ആറോടെ ദീപം തെളിച്ചത്. എം.കെ. സ്റ്റാലിന്റെ ഡിഎംകെ സർക്കാർ കഴിഞ്ഞ വർഷം സ്വീകരിച്ച അതേ നിലപാട് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരും ആവർത്തിച്ചതോടെ രാഷ്ട്രീയ വിവാദം ശക്തമായി. സർക്കാരിനെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ച മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെ മുന്നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
നവംബർ 20നാണ് തിരുപ്പറങ്കുൻട്രം കുന്നിൻമുകളിൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയിൽനിന്ന് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി ഇടക്കാല അനുമതി നൽകിയത്. ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് കർശന നിർദേശം നൽകി. എന്നിട്ടും വിവാദ ദീപത്തൂണിൽ ദീപം തെളിക്കാൻ അധികൃതർ തയ്യാറായില്ല. പകരം പതിവ് ആചാരപ്രകാരമുള്ള ദീപമണ്ഡപത്തിൽത്തന്നെ ചടങ്ങ് നടത്തുകയായിരുന്നു.
ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത ദീപമണ്ഡപത്തിലാണ് ദീപം തെളിച്ചതെന്ന് നിയമമന്ത്രി ആർ. നിർമ്മൽ കുമാർ വ്യക്തമാക്കി. എന്നാൽ, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന ധാർഷ്ട്യമാണ് സർക്കാരിന്റെ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും ഇതിന്റെ പ്രത്യാഘാതം സർക്കാർ അനുഭവിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു.
അതേസമയം, ഉത്സവത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ആർഎസ്എസിനും സംഘങ്ങൾക്കും നിരാശ മാത്രമാണ് ഉണ്ടായതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാണിക്കം ടാഗോർ പറഞ്ഞു. ദീപം തെളിക്കേണ്ട സ്ഥലത്തുതന്നെയാണ് തെളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി ഉത്തരവ് നടപ്പാക്കാത്തതിനെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായതോടെ തിരുപ്പറങ്കുൻട്രം കാർത്തിക ദീപം വിവാദം തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിതുറന്നിരിക്കുകയാണ്
