Home Nirakkoottuവൈ ബി. ചവാൻ 42-ാം ചരമവാർഷികം ഇന്ന്

വൈ ബി. ചവാൻ 42-ാം ചരമവാർഷികം ഇന്ന്

by news_desk
0 comments
image

ലേഖകൻ : അഡ്വ കെ.ജെ.റാഫി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ് പി)യുടെ സംസ്ഥാന സെക്രട്ടറി)

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ചില വ്യക്തികൾ അധികാരസ്ഥാനങ്ങൾ വഹിച്ചതിന്റെ പേരിൽ മാത്രമല്ല, തങ്ങളുടെ കാലഘട്ടത്തിലെ രാഷ്ട്രീയത്തിനും ഭരണസംവിധാനത്തിനും പുതിയ ദിശാബോധം നൽകിയതിന്റെ പേരിലാണ് അനുസ്മരിക്കപ്പെടുന്നത്. അത്തരമൊരു വ്യക്തിത്വമായിരുന്നു വൈ ബി. ചവാൻ എന്നറിയപ്പെടുന്ന യശ്വന്ത്‌റാവു ബൽവന്ത്‌റാവു ചവാൻ. രാഷ്ട്രീയത്തിലെ
ഇന്നത്തെ തലമുറ ഈ മഹത് വ്യക്തിയെപ്പറ്റി ഏറെ പഠിച്ചിരിക്കാൻ ഇടയില്ല. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യയുടെ പ്രതിരോധ, ആഭ്യന്തര, ധനകാര്യ, വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹം ആധുനിക മഹാരാഷ്ട്രയുടെ, രാഷ്ട്രീയവും വികസനപരവുമായ അടിത്തറ പാകിയ പ്രമുഖ നേതാവാണ്.
1913 മാർച്ച് 12-ന് മഹാരാഷ്ട്രയിലെ ദേവരാഷ്ട്രേ ഗ്രാമത്തിൽ ജനിച്ച വൈ.ബി.ചവാന്റെ ജീവിതം പോരാട്ടങ്ങളുടെയും രാഷ്ട്രീയ പ്രതിബദ്ധതയുടെയും ചരിത്രമാണ്. മഹാത്മാ ഫൂലെ, രാജർഷി ഷാഹു മഹാരാജ്, ലോകമാന്യ തിലക്, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, എം.എൻ. റോയ് തുടങ്ങിയവരുടെ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു. ചെറുപ്പത്തിൽത്തന്നെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി.1930-ലെ നിസ്സഹകരണ-നിയമലംഘന പ്രസ്ഥാനങ്ങളിൽ പങ്കെടുത്തു.
1932-ൽ ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചു.
1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്തു.
സതാറ ജില്ലയിൽ സമരത്തിന് നേതൃത്വം നൽകി. ഒളിവിൽ പ്രവർത്തിക്കുകയും പിന്നീട് അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യത്തിലും,മതേതരത്വത്തിലും, സാമൂഹിക നീതിയിലും വിശ്വാസമർപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം

വൈ.ബി ചവാൻ ആദ്യമായി 1946 ൽ സൗത്ത് സത്താറയിൽ നിന്നും ,1952 ലും 1957 ലും നോർത്ത് കരാഡിൽ നിന്നും നിയമസഭാംഗമായി. 1963 ഫെബ്രുവരി മുതൽ ഡിസംബർ വരെ രാജ്യസഭാംഗമായിരുന്നു. പിന്നീട് 1963 ൽ ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ നാസിക് മണ്ഡലത്തിൽ നിന്നും ലോക സഭാംഗമായി. 1967 ,1971,1977, 1980 വർഷങ്ങളിൽ സത്താറ യിൽ നിന്നും ലോകസഭാംഗമായി
1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം രൂപംകൊണ്ടപ്പോൾ അതിന്റെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത് വൈ. ബി. ചവാനായിരുന്നു. അതിന് മുൻപ് തന്നെ 1946 ൽ ബോംബെ സർക്കാരിൽ പാർലമെന്ററി സെക്രട്ടറിയും1952 ൽ ബോംബെ സംസ്ഥാനത്ത് മന്ത്രിയും
1956 മുതൽ 1960 വരെ ബോംബെ ദ്വിഭാഷാ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും ആയിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഭരണപരമായ ഏകോപനവും സാമൂഹിക ഐക്യവും ഉറപ്പാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്.
മഹാരാഷ്ട്രയുടെ വികസനം നഗരങ്ങളിലോ വ്യവസായ കേന്ദ്രങ്ങളിലോ മാത്രം ഒതുങ്ങരുതെന്നും ഗ്രാമങ്ങളിലേക്കും സാധാരണ ജനങ്ങളിലേക്കും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തണമെന്നും അദ്ദേഹം ശഠിച്ചു. പഞ്ചായത്ത് രാജ് സംവിധാനം, ജില്ലാ പരിഷത്തുകൾ, പഞ്ചായത്ത് സമിതികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു.
കൃഷിയും വ്യവസായവും പരസ്പരപൂരകങ്ങളായി വളരണമെന്നും സഹകരണ പ്രസ്ഥാനം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാകണമെന്നും അദ്ദേഹം കരുതി. മഹാരാഷ്ട്രയിലെ സഹകരണ പഞ്ചസാര ഫാക്ടറികളുടെയും ഗ്രാമീണ വികസന സംവിധാനങ്ങളുടെയും വളർച്ചയ്ക്ക് അദ്ദേഹത്തിന്റെ നയങ്ങൾ വലിയ പ്രചോദനമായി.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അദ്ദേഹത്തെ പ്രതിരോധമന്ത്രിയാക്കി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി. പിന്നീട് പല മന്ത്രി സഭകളിലായി ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.
1978 ജനുവരിയിൽ കോൺഗ്രസ് ഇന്ദിരാഗാന്ധി വിഭാഗമായും
കെ. ബ്രഹ്മാനന്ദ റെഡ്ഡിയുടെ വിഭാഗമായും പിളർന്നു.
കെ. ബ്രഹ്മാനന്ദറെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഇന്ദിരാ വിരുദ്ധ കോൺഗ്രസ് വിഭാഗത്തിൽ ആയിരുന്നു വൈ. ബി.ചവാൻ പിന്നീട്
ദേവരാജ് അർസ്പകൂടി വന്നതോടെ ആ വിഭാഗം Congress (U)- എന്ന പേരിലായി. അതോടെ പാർട്ടിയുടെ ദേശീയതലത്തിലെ പ്രധാന നേതാവായി വൈ. ബി.ചവാൻ മാറി.
അങ്ങനെയാണ് 1979 ൽ ചരൺ സിംഗ് സർക്കാരിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയത്.
1980 Congress (U) രാഷ്ട്രീയ കൂട്ടായ്മയിലെ പ്രധാന നേതാവായിരുന്ന ചവാൻ
പിന്നീട് കോൺഗ്രസ് (I)-ലേക്ക് മടങ്ങി. ദേശീയ രാഷ്ട്രീയത്തിൽ മഹാരാഷ്ട്രയുടെ ശബ്ദവും സ്വാധീനവും ഉയർത്തിയ നേതാവായിരുന്നു അദ്ദേഹം.

ചവാന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായത് ശരദ് പവാറിനെപ്പോലുള്ള യുവജനങ്ങളെ വളർത്തിയെടുത്ത ശൈലിയാണ്.

 1960-കളുടെ തുടക്കത്തിൽ Y.B. ചവാൻ ശരദ് പവാറിന്റെ രാഷ്ട്രീയ താൽപര്യവും കഴിവും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ മാതാവിനോട് ശരദ് പവാറിനെ യുവജന കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാൻ ചവാൻ അഭ്യർഥിച്ചതായി ചരിത്രവിവരണങ്ങളിലുണ്ട്. ചവാനും പവാറും തമ്മിലുണ്ടായിരുന്നത് കേവലം മുതിർന്ന നേതാവും യുവ രാഷ്ട്രീയ പ്രവർത്തകനും തമ്മിലുള്ള ബന്ധമായിരുന്നില്ല; ഒരു രാഷ്ട്രീയ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധമായിരുന്നു.

തന്റെ മാതാവ് കഴിഞ്ഞാൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി യശ്വന്ത്‌റാവു ചവാനാണെന്ന് ശരദ് പവാർ തന്നെ പല സന്ദർഭങ്ങളിലും, വ്യക്തമാക്കിയിട്ടുണ്ട്. വായനയിലും ചിന്തയിലും ജനാധിപത്യബോധത്തിലും രാഷ്ട്രീയ സംസ്കാരത്തിലും മികവു പുലർത്തിയിരുന്ന ചവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അവരിൽ നേതൃത്വഗുണങ്ങൾ വളർത്തുകയും ചെയ്തിരുന്നു.
ശരദ് പവാറിന്റെ കുടുംബത്തിന് കർഷക- തൊഴിലാളി പ്രസ്ഥാനത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു.
1967-ൽ, വെറും 27-ാം വയസ്സിൽ ബാരാമതിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ ശരദ് പവാറിന് അവസരം ലഭിക്കുന്നതിൽ ചവാന്റെ പിന്തുണ നിർണായകമായിരുന്നു. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ താരതമ്യേന ചെറുപ്പക്കാരനായ പവാറിന് സീറ്റ് നൽകുന്നതിൽ വിമുഖത പ്രകടിപ്പിച്ചപ്പോൾ, മുതിർന്നവക്ക് ഒരു സീറ്റ് നഷ്ടപ്പെടുമെന്ന ഭയത്താൽ യുവതലമുറയ്ക്ക് അവസരം നിഷേധിക്കരുതെന്ന നിലപാടാണ് ചവാൻ സ്വീകരിച്ചത്. ആ തിരഞ്ഞെടുപ്പിൽ വിജയിച്ച പവാർ പിന്നീട് മഹാരാഷ്ട്രയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളിലൊരാളായി വളർന്നു.
യുവാക്കളെ കണ്ടെത്തി വളർത്തിയെടുക്കുകയും അവർക്ക് ഉത്തരവാദിത്വങ്ങൾ നൽകുകയും ചെയ്യുന്ന ചവാന്റെ രാഷ്ട്രീയ ശൈലിയാണ് പവാറിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചത്.

രാഷ്ട്രീയത്തിൽ ഗുരുവിന്റെ എല്ലാ നിലപാടുകളും ശിഷ്യൻ അതേപടി പിന്തുടരണമെന്നില്ല. ശരദ് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിലും അത്തരം വ്യത്യസ്ത വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രധാനമായും കോൺഗ്രസിന്റെ ഭാവി, ഇന്ദിരാഗാന്ധിയോടുള്ള സമീപനം, മഹാരാഷ്ട്രയിലെ അധികാരരാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു.
1969 ലെ കോൺഗ്രസ് പിളർപ്പിൽ ആദ്യഘട്ടത്തിലും പിന്നീട്
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ 1978 ൽ കോൺഗ്രസ് (I) രൂപപ്പെട്ടപ്പോഴും ചവാനും പവാറുമെല്ലാം, ഇന്ദിരാഗാന്ധിയുടെ എതിർപക്ഷത്തായിരുന്നു. 1978 ൽ കോൺഗ്രസ് പ്രസിഡൻ്റ് കെ ബ്രഹ്മനന്ദ റെഡി യുടെ വിഭാഗത്തിലായിരുന്നു ചവാനും പവാറുമെങ്കിലും, വൈകാതെ ശരദ് പവാർ ചവാന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിഭാഗത്തിൽനിന്ന് 38 എം.എൽ.എമാരുമായി പുറത്തുപോയി, ജനതാപാർട്ടിയുടെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയോടെ പ്രോഗ്രസി വ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് രൂപീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. ചവാന്റെ രാഷ്ട്രീയ വിഭാഗത്തിൽനിന്ന് വേറിട്ടുനിന്ന് സ്വന്തം നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച ശരദ്പവാർ, പക്ഷേ രാഷ്ട്രീയ വഴികളിലെ വ്യത്യാസങ്ങൾക്കപ്പുറവും ചവാനോടുള്ള ആദരവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനത്തോടുള്ള ബന്ധവും പവാർ നിലനിർത്തി പോന്നു. 1980 ൽ ഇന്ദിരാ ഗാന്ധി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. വൈ. ബി. ചവാനുൾപ്പെടെ ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസിലേക്ക് തിരിച്ചു പോകാൻ ഉള്ള നീക്കങ്ങളാരംഭിച്ചു.
എന്നാൽ ശരദ് പവാർ ഇതിനെ എതിർത്തു.
ചവാനെപ്പോലെയുള്ള ഉന്നതനായ നേതാവിന് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിൽ അർഹമായ പരിഗണന ലഭിക്കില്ല എന്നതായിരുന്നു പവാറിന്റെ ആശങ്ക,.
ഈ സംഭവം പവാർ തന്നെ 2012-ൽ മഹാരാഷ്ട്ര സർക്കാരിന്റെ Maharashtra Ahead മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവരിച്ചിട്ടുണ്ട്. ആദ്യമായി താൻ രാഷ്ട്രീയ ഗുരുവിന്റെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് പവാർ സമ്മതിച്ചിരുന്നു. അത് രണ്ടുപേർക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1986-ൽ ശരദ് പവാർ കോൺഗ്രസ് (I)-യിലേക്ക് തിരിച്ചുപോയി.
പിന്നീട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തി.
അതായത്, ചവാൻ നിർദേശിച്ച രാഷ്ട്രീയ പുനരേകീകരണത്തിലേക്ക് പവാർ പിന്നീട് എത്തി ചേർന്നത് ചവാന്റെ മരണത്തിനുശേഷമായിരുന്നു.
ശരദ് പവാർ പല അഭിമുഖങ്ങളിലും ചവാനെ തന്റെ രാഷ്ട്രീയ ഗുരുവായി വിശേഷിപ്പിച്ചിട്ടുണ്ട്. അത് ഗുരു-ശിഷ്യ ബന്ധത്തോടൊപ്പം പരസ്പര ബഹുമാനത്തോടെയുള്ള രാഷ്ട്രീയ ബന്ധം കൂടിയായിരുന്നു.
താൻ രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ
2023 ജൂലൈയിലുണ്ടായ പിളർപ്പിനുശേഷം തന്റെ പുതിയ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നതിന് ശരദ് പവാർ തിരഞ്ഞെടുത്തത് കരാഡിലെ വൈ.ബി. ചവാൻ സ്മാരകമായിരുന്നു. അന്ന് ഗുരുപൂർണിമയായിരുന്നു എന്നത് ആ സന്ദർശനത്തിന് കൂടുതൽ പ്രതീകാത്മകമായ അർഥം കൂടി നൽകി. രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ തന്റെ രാഷ്ട്രീയ ഗുരുവിന്റെ സ്മരണയിൽനിന്ന് ഊർജം ഉൾക്കൊള്ളുകയായിരുന്നു പവാർ.

ഇന്ന് ഇന്ത്യൻ രാഷ്ട്രീയം പലവിധ ആശയപരവും സംഘടനാപരവുമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തിൽ ചവാന്റെ രാഷ്ട്രീയ ജീവിതം പുനർവായിക്കപ്പെടേണ്ടതുണ്ട്.
ജനാധിപത്യം എന്നത് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക മാത്രമല്ല, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. മതേതരത്വം, സാമൂഹിക ഐക്യം, സഹിഷ്ണുത, ഗ്രാമവികസനം, സഹകരണ പ്രസ്ഥാനം, യുവജന നേതൃത്വം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയുടെ പ്രധാന ഘടകങ്ങൾ.
അധികാരത്തിന്റെ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ ജനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വികസനവും ജനാധിപത്യവും എത്തിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്. രാഷ്ട്രീയ എതിരാളികളോടുപോലും സംവാദത്തിന്റെയും ജനാധിപത്യ മര്യാദയുടെയും ഭാഷയിൽ ഇടപെടുന്ന രാഷ്ട്രീയ സംസ്കാരം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയായിരുന്നു.
1984 നവംബർ 25-ന് തന്റെ 71-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയ മൂല്യങ്ങളും വികസന കാഴ്ചപ്പാടുകളും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും നിലനിൽക്കുന്നു.
ഒരു നേതാവിന്റെ മഹത്വം അദ്ദേഹം എത്രകാലം അധികാരത്തിലിരുന്നു എന്നതിലല്ല; തനിക്കുശേഷം എത്ര നേതാക്കളെ വളർത്തിയെടുത്തു, സമൂഹത്തിന് എന്ത് ദിശാബോധം നൽകി എന്നതിലാണ്. ഈ അർഥത്തിൽ യശ്വന്ത്‌റാവു ചവാൻ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഒരു ഭരണാധികാരി മാത്രമല്ല, ഒരു തലമുറയെ രാഷ്ട്രീയമായി രൂപപ്പെടുത്തിയ ദീർഘവീക്ഷണമുള്ള നേതാവുകൂടിയാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ ശിഷ്യനായ ശരദ് പവാറിന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിലും ചവാന്റെ സ്വാധീനം ദൃശ്യമാണ്. ഗുരുവിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് സ്വന്തം വഴികൾ സൃഷ്ടിച്ച ശിഷ്യന്റെ ചരിത്രവും ചവാന്റെ ജീവിതത്തിന്റെ തുടർച്ചയായ ഒരു അധ്യായമാണ്.
യശ്വന്ത്‌റാവു ചവാന്റെ 42-ാം ചരമവാർഷികത്തിൽ ആ മഹാനായ നേതാവിന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ.
അദ്ദേഹം ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങളും മതേതര ചിന്തയും സഹകരണാധിഷ്ഠിത വികസന സങ്കൽപ്പവും പുതിയ തലമുറയ്ക്ക് വഴികാട്ടിയാകട്ടെ.

You may also like