ജയരാജ് പുതുമഠം
മനുഷ്യ ജീവിതത്തിന്റെ നിഷേധിക്കാനാകാത്ത അടിസ്ഥാന ഭാവമായ അനുരാഗത്തിന്റെ ഉദയവും തുടർന്നുള്ള വളർച്ചയും, വിവാഹത്തിലമരുമ്പോൾ അതിനുണ്ടാകുന്ന സാക്ഷാൽക്കാരവും തന്നെയാണ് ഗിരീഷ് ഏ. ഡി. സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രത്തിന്റെയും പ്രമേയം.
എന്നാൽ നർമ്മത്തിന്റെ നിറപ്പകിട്ടോടെ ലളിതസുന്ദരമായ ആവിഷ്ക്കാര ശൈലിയിൽ പ്രേക്ഷകർക്കുമുന്നിൽ അത് വിടർന്നപ്പോൾ ചിത്രത്തിന് സുഗന്ധവും രുചിയും അനുഭവപ്പെട്ടു.
നിവിൻ പോളിയും,
മമിത ബൈജുവും മുഖ്യ നായികാനായകന്മാരായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ആധുനിക കാലത്തിനനുസൃതമായ സംഭാഷണ ശൈലികളും, രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ‘ജെൻസി’കൾക്ക് ഏറെ പ്രിയങ്കരമായി അനുഭവപ്പെടുന്നതിന്റെ അലയടികൾ തിയ്യറ്ററിനകത്ത് മുഖരിതമായിരുന്നു.
സംവിധായകനും, കിരൺ ജോഷിയും കൂടിച്ചേർന്നാണ് ഈ റൊമാന്റിക് – കോമഡി ചിത്രത്തിന്റെ കഥ എഴുതിയുണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അവതരണത്തിന്റെ ചാരുത നഷ്ടപ്പെടാതിരിക്കാൻ സംവിധായകന് ഏറെ ഉപകരി ച്ചിട്ടുണ്ടായിരികാം ഈ ചിത്രം.
നായികയായി രംഗത്ത് വിളങ്ങിയ മമിത പ്രിയപ്പെട്ട അഭിനേത്രിയായി തോന്നി.
മലയാളത്തിന് ആവശ്യമുള്ള പുതുമുഖങ്ങളെ പലരേയും കാണാനായി എന്നതും പ്രതീക്ഷ നൽകുന്നു.
പെൺകുട്ടികൾ ഉൾപ്പെടെയു
ള്ള പുതിയ തലമുറയുടെ വിനോദസദസ്സുകളിൽ മദ്യം നേരിയതോതിൽ അതിഥിയായി സാന്നിധ്യമറിയിക്കുന്നതിന്റെ മറയില്ലാത്ത ദൃശ്യങ്ങൾ വിരോധമില്ലാത്ത രീതിയിൽ അവതരിപ്പിച്ചത് ഉത്കണ്ഠയ്ക്ക് വഴിതെളിച്ചു. കാരണം, മുതിർന്നവരുടെ അറിവിനെക്കാൾ അപ്പുറമാണ് ഇന്ന് വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം. പെൺകുട്ടികളുടെ സൗഹൃദ സദസ്സുകളിൽ മദ്യം വിളമ്പുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി പരിണമിച്ചിട്ടുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളിലൂടെ അതിന് വളം നൽകാതിരിക്കുന്നതല്ലേ ബുദ്ധി.
എന്തായാലും തോക്കും, ബോംബും, മറ്റ് ആയുധങ്ങളുടേയുമൊക്കെ ഭയപ്പെടുത്തുന്ന സാന്നിധ്യമില്ലാതെ ഒരു സിനിമ കാണാനായി എന്നതുന്നെ വലിയൊരു ആശ്വാസമായി.
