Home Top Stories‘മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച് ജനങ്ങൾക്കൊപ്പം നിന്ന നേതാവ്’; കെ. അച്യുതന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

‘മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച് ജനങ്ങൾക്കൊപ്പം നിന്ന നേതാവ്’; കെ. അച്യുതന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: അന്തരിച്ച മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ. അച്യുതന് വികാരനിർഭരമായ സ്മരണകളോടെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിറ്റൂരിന്റെ പ്രിയനേതാവായിരുന്ന അച്യുതന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് സ്വയം അടയാളപ്പെടുത്തിയ അദ്ദേഹം ചിറ്റൂരിന്റെ മുഖച്ഛായ മാറ്റാൻ കൃത്യമായ വികസന കാഴ്ചപ്പാടുകളാണ് നടപ്പിലാക്കിയത്.

പദവികളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് പ്രാധാന്യം നൽകിയ അപൂർവ്വ നേതാവായിരുന്നു അച്യുതനെന്ന് മുഖ്യമന്ത്രി ഓർത്തെടുത്തു. 2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭ രൂപീകരിച്ച സമയത്ത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും, ആ പദവി സ്നേഹപൂർവ്വം നിരസിച്ച് എം.എൽ.എയായി മാത്രം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തുടർച്ചയായി നാല് തവണ ചിറ്റൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം എപ്പോഴും സാധാരണക്കാരുടെയും കർഷകരുടെയും ശബ്ദമായി മാറി.

പാലക്കാട് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിലും ചിറ്റൂരിലെ സഹകരണ മേഖലയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നതിലും നിർണായക പങ്കുവഹിച്ച അച്യുതനൊപ്പം 15 വർഷം നിയമസഭയിൽ പ്രവർത്തിക്കാൻ സാധിച്ച കാര്യവും മുഖ്യമന്ത്രി അനുസ്മരിച്ചു. പദവികൾക്ക് പിന്നാലെ പായാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പ്രിയ നേതാവിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം കുറിച്ചു.

You may also like