ന്യൂഡൽഹി: ഏത് സാഹചര്യത്തിലും പാർട്ടിക്കെതിരെ വോട്ട് ചെയ്യാൻ പാടില്ലെന്നും പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്കൊപ്പം നിൽക്കണമെന്ന നിലപാടിൽ നിന്ന് ചില അണികൾ വ്യതിചലിച്ചത് തെറ്റാണെന്നും അവർ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പരാതികളുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ഉന്നയിക്കണം. അതേസമയം നേതൃത്വത്തിനും വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായെന്നും ഇവ രണ്ടും ചേർന്നാണ് പരാജയമുണ്ടായതെന്നും ബേബി വ്യക്തമാക്കി.
പാർട്ടിയുടെ മേൽഘടകങ്ങളും പാർലമെന്ററി വ്യാമോഹത്തിൽ നിന്ന് പൂർണമായി മുക്തമല്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. വിശാല സംസ്ഥാന സമിതി യോഗത്തിൽ ഒൻപത് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. ചർച്ചകൾ വസ്തുനിഷ്ഠമാണോ എന്ന് പിബി പരിശോധിക്കും. നേതൃമാറ്റം മാധ്യമങ്ങൾ കൊണ്ടുവന്ന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടികൾ തുടരുകയാണെന്നും പാർട്ടി ബലഹീനതകൾ പരിഹരിക്കുകയാണ് വിശാല യോഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഇപ്പോൾ ‘ആന്തരിക ചികിത്സ’യിലാണെന്നും പരസ്പരം തിരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബേബി പറഞ്ഞു.
പാർലമെന്ററി വ്യാമോഹം, കൂട്ടായ പ്രവർത്തനം, ജനങ്ങളുടെ ഹിതത്തിനനുസരിച്ചുള്ള പ്രവർത്തനം എന്നിവയാണ് പിബി യോഗത്തിൽ പ്രധാനമായി ചർച്ചയായത്. നേതാക്കൾ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 11 വരെ കേന്ദ്ര കമ്മിറ്റി യോഗം ചേരും.
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കെതിരെ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ പിബി തീരുമാനിച്ചതായും ബേബി പറഞ്ഞു. രാജ്യത്തെ ബിജെപി വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകും. രാംലീല മൈതാനിയിൽ നടന്ന സിപിഐ റാലി വിജയമായിരുന്നെന്നും പ്രതിഷേധം തടയാൻ കേന്ദ്രസർക്കാരും പൊലീസും ശ്രമിച്ചെന്നും അദ്ദേഹം വിമർശിച്ചു. സെൻസസിലെ ചില ചോദ്യങ്ങൾ വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ നേരിട്ട ശുദ്ധീകരണ വിവാദത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചാബിൽ കോൺഗ്രസിനെയോ ആംആദ്മി പാർട്ടിയെയോ പിന്തുണയ്ക്കണമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കഴിയുന്നവർക്ക് പിന്തുണ നൽകുമെന്നും ബേബി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് അവകാശമുണ്ടെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് അതിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമാണ് എടുക്കേണ്ടത്. സിപിഐഎം പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞ തവണ അതിന് അടുത്തെത്തിയ സാഹചര്യത്തിൽ ഇത്തവണ ആ സാധ്യത നഷ്ടപ്പെടുത്തരുതെന്നും ബേബി പറഞ്ഞു.
