തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ. സംഭവത്തിന് പിന്നിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്നും, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് വിഭാഗങ്ങളായി മത്സരിച്ചിരുന്നുവെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, രണ്ട് വിഭാഗങ്ങളോടും താൻ സഹകരിച്ചില്ലെന്നും ഇരുവിഭാഗങ്ങളെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും രമ്യ വ്യക്തമാക്കി. എന്നാൽ, ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യാത്ത നിലയിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയിൽ ഒരു പക്ഷം പിടിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് രണ്ട് വിഭാഗങ്ങളും സംഘടിപ്പിച്ച കൺവെൻഷനുകളിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ഇതിന് പിന്നാലെ വാട്സാപ്പിലൂടെ തനിക്കെതിരെ വളരെ മോശമായ പദപ്രയോഗങ്ങൾ ഉണ്ടായെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു അവയെന്നും അവർ ആരോപിച്ചു. സജിത്താണ് ഇതിന് നേതൃത്വം നൽകിയതെന്നും ആഭ്യന്തരമന്ത്രിയോട് ഇക്കാര്യം സംബന്ധിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്നും രമ്യ പറഞ്ഞു.
ഷാഫി പറമ്പിൽ എംപിയോടും സുധീർ ഷാ പാലോട് എംഎൽഎയോടും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനോടും വിഷയം വിശദീകരിച്ചിട്ടുണ്ടെന്നും, പാർട്ടി ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
താൻ രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്നും, സജിത്തും വിശ്വനാഥനും പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് ഇട്ടതെന്ന് സജാദ് തന്നോട് പറഞ്ഞിരുന്നുവെന്നും രമ്യ ആരോപിച്ചു. സജാദ് സ്നേഹപൂർവം ക്ഷണിച്ചതിനെ തുടർന്നാണ് താൻ വീട്ടിലേക്ക് പോയതെന്നും, സംഭവത്തിന് പിന്നിൽ മാസങ്ങളായി നീണ്ടുനിൽക്കുന്ന ആസൂത്രിത നീക്കമുണ്ടെന്നും അവർ പറഞ്ഞു.
സജാദിന്റെ മകളെ കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് വായിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രമ്യ വ്യക്തമാക്കി. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സജിത്ത് വീട്ടിലേക്ക് തള്ളിക്കയറി വന്നതെന്നും, തന്റെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവികമായ പ്രതികരണം മാത്രമാണെന്നും അവർ പറഞ്ഞു. പാളയം പ്രദീപ് എംപിയായിരുന്ന കാലം മുതൽ തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
അതേസമയം, ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയിൽ അന്വേഷണം നടത്താൻ കെപിസിസി ഒരുങ്ങുകയാണ്. രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗങ്ങളുടെയും പരാതികൾ കേൾക്കാനും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനുമാണ് തീരുമാനം. സംഭവം പാർട്ടിക്ക് നാണക്കേടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്.
സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎൽഎ നൽകിയ പരാതിയിൽ ഏഴ് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കമുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. സജാദും ഭാര്യയും നൽകിയ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികളും എഫ്ഐആർ നടപടികളും.
അതേസമയം, താനും മക്കളും മാത്രമുള്ള വീട്ടിലേക്കാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതെന്ന് സജാദിന്റെ ഭാര്യ സിനി പറഞ്ഞു. പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടെന്നും പലതവണ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. മകൾ ഭയന്നുപോയെന്നും പോസ്റ്റ് വായിക്കില്ലെന്ന് പറഞ്ഞപ്പോൾ പ്രദീപ് തന്നെ പിടിച്ച് തള്ളിയെന്നും ഇതോടെയാണ് സംഘർഷമുണ്ടായതെന്നും സിനി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് അതിൽ പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. ഇതിനെ ചില ജനപ്രതിനിധികൾ ചോദ്യം ചെയ്യുകയും കോൺഗ്രസ് ജനറൽ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് സംസാരിക്കാനായി എംഎൽഎയും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തി. വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് വിവരം അറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തുകയും എംഎൽഎയുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രാദേശിക നേതാക്കൾ തന്നെ മർദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. അതേസമയം, രമ്യ ഹരിദാസ് തന്നെ അടിച്ചതായി മറുവിഭാഗത്തിലെ പഞ്ചായത്തംഗവും ആരോപിച്ചു.
